തിരുവനന്തപുരം: കണ്ണൂരില്‍ വനിതാ ബാങ്ക് മാനേജര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. ബാങ്കുകള്‍ അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.
കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജറും തൃശൂര്‍ മണ്ണുത്തി സ്വദേശിനിയുമായ കെഎസ് സ്വപ്നയുടെ ആത്മഹത്യക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദമാണെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ ഉത്തരവ്.
ജീവനക്കാരി ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി കാനറാ ബാങ്ക് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ (തിരുവനന്തപുരം) റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കാനറാ ബാങ്ക് റീജിയണല്‍ മാനേജറും റിപ്പോര്‍ട്ട് നല്‍കണം.
സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ ജീവനക്കാര്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് പരിശോധന നടത്തി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി(എസ് എല്‍ ബി സി ) കണ്‍വീനര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
മൂന്ന് മാസം മുമ്പ് ഗുരുവായൂരിലും എട്ടുമാസം മുമ്പ് പാലക്കാട്ടും ബാങ്ക് ജീവനക്കാര്‍ ജീവനൊടുക്കിയിരുന്നു. നിക്ഷേപം, വായ്പാ, ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്, മ്യൂച്വല്‍ ഫണ്ട്, ഫാസ്റ്റ് ടാഗ് തുടങ്ങി വിവിധ ടാര്‍ഗറ്റുകള്‍ കൈവരിക്കാനാണ് ബാങ്കുകള്‍ ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നത്.
Discussion about this post