തൃശ്ശൂര്‍ പൂരം നടത്തും; ജനങ്ങളെ നിയന്ത്രിക്കാന്‍ നടപടി എടുക്കും; മന്ത്രി വിഎസ് സുനില്‍കുമാര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ജനങ്ങളെ നിയന്ത്രിക്കാന്‍ നടപടി എടുക്കും. തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വങ്ങളും സര്‍ക്കാരും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ദേവസ്വങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പൂരം നടത്തിപ്പ് സംബന്ധിച്ച് വിഷുവിനു ശേഷം യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തുന്നത് സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്ത് സംഭവിക്കുകമെന്ന് തൃശൂര്‍ ഡിഎംഒ പ്രതികരിച്ചു.

20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകുമെന്നും ഡിഎംഒ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്നും ഇനി എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്തമില്ലെന്നും ഡിഎംഒ പ്രതികരിച്ചു.

അതേസമയം, ഡിഎംഒക്കെതിരെ പാറമേക്കാവ് ദേവസ്വം രംഗത്തു വന്നു. പൂരത്തെ തകര്‍ക്കാനാണ് ഡിഎംഒയുടെ ശ്രമം. ഡിഎംഒയുടേത് ഊതി പെരുപ്പിച്ച കണക്കാണെന്നുമായിരുന്നു പാറമേക്കാവ് ദേവസ്വം പറഞ്ഞത്.

sunil kumar | bignewslive

പൂരം നടത്തിപ്പിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തിയ പശ്ചാത്തലത്തില്‍ പൂരം നടത്തിപ്പ് തടസ്സപ്പെടുത്തരുതെന്ന് ടിഎന്‍ പ്രതാപന്‍ എംപിയും ആവശ്യപ്പെട്ടു. കൊവിഡിന്റെ പേരില്‍ പൂരത്തിന്റെ പകിട്ട് കുറയ്ക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version