തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കി വിൽക്കാനായി കൊണ്ടുവന്ന നിലയിൽ കണ്ടെത്തിയ സംഭവം പാർട്ടി തലത്തിൽ ചർച്ചയാകുന്നു. വിഷയത്തിൽ പാർട്ടി തലത്തിൽ അന്വേഷണം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.
വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാവാൻ നിരവധി പേർ താൽപര്യം പ്രകടിപ്പിച്ചിരുന്നു. നിരവധി ചർച്ചകൾക്ക് ശേഷമാണ് വീണയെ തീരുമാനിച്ചത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് തനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
പരിമിതമായ സാഹചര്യത്തിൽ നടത്തിയ പോരാട്ടമായിരുന്നു തെരഞ്ഞെടുപ്പ്. വനിതാ സ്ഥാനാർത്ഥികൾ ഉൾപ്പെടെയുളളവർ സാമ്പത്തിക പ്രതിസന്ധികൾ അനുഭവിക്കുന്നുണ്ട്. എല്ലാവരുടേയും സഹായ സഹകരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ വിജയിക്കാൻ കഴിയുകയുള്ളൂ. ഇത്തരമൊരു സാഹചര്യത്തിൽ പോസ്റ്റർ ആക്രിക്കടയിൽ വിൽക്കാൻ കൊടുത്ത സംഭവം അംഗീകരിക്കാൻ സാധിക്കില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
സംഭവത്തെക്കുറിച്ച് സ്ഥാനാർത്ഥിയുമായി സംസാരിച്ചു. വിഷയം പരിശോധിക്കാൻ കെപിസിസി നേതൃത്വത്തിൽ അന്വേഷണക്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പരമാവധി വേഗതയിൽ അന്വേഷണം നടത്തും. ഇത് ഒറ്റപ്പെട്ട സംഭവമാണോ ഇതിന് പിന്നിൽ ഏതെങ്കിലും നേതാക്കന്മാർക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.