കൊച്ചി: പ്രമുഖ വ്യവസായി എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അടിയന്തരമായി ഇടിച്ചിറക്കി. സംഭവത്തില്‍ പൈലറ്റുമാര്‍ ഉള്‍പ്പെടെ ആര്‍ക്കും തന്നെ പരിക്ക് പറ്റിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഇവരെ വൈദ്യപരിശോധന നടത്തുന്നതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചി പനങ്ങാട് ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം. സാങ്കേതിക തകരാറാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചതുപ്പുനിലത്താണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. ജനവാസ കേന്ദ്രത്തിന് മുകളില്‍ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
എം.എ യുസഫലിയും മറ്റ് നാല് പേരും ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരുകയായിരുന്നു. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഹെലികോപ്റ്ററിന് നിയന്ത്രണം വിട്ടത് മൂലം നേരത്തെ നിശ്ചയിച്ച സ്ഥലത്തുനിന്നും 200 മീറ്റര്‍ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.
ഭാഗികമായി ചതുപ്പില്‍ പൂണ്ടനിലയിലാണ് ഹെലികോപ്റ്റര്‍. സംഭവ സമയത്ത് മഴയും കാറ്റുമുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ആര്‍ക്കും തന്നെ പരിക്കില്ല എന്നും ദൃക്സാക്ഷികള്‍ പറയുന്നു. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post