കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതിനിടെ ബോധവത്കരണവുമായി കോഴിക്കോട് കളക്ടർ രംഗത്ത്. പുറത്തിറങ്ങിയ ഉടൻ വൈറലായ വാസിൻ ഡാൻസ് ആണ് കോഴിക്കോട് ജില്ലാ കളക്ടറും പങ്കുവെച്ച് ജനങ്ങളിൽ വാക്സിന്റെ പ്രാധാന്യം വളർത്താൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
സംസ്ഥാനത്ത് തന്നെ കോഴിക്കോടും എറണാകുളത്തുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് വാക്സിൻ പ്രചാരണ വീഡിയോ കളക്ടർ തന്നെ പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെ വലിയ വാർത്തയും വൈറലുമായ റാസ്പുടിൻ ഗാനത്തിന് ചുവടുവെക്കുന്ന കൊവാക്സിനും കൊവിഷീൽഡുമാണ് ആനിമേഷൻ വീഡിയോയിലുള്ളത്. 30 സെക്കണ്ട് ദൈർഘ്യമുള്ള വീഡിയോയിൽ നിങ്ങളുടെ അടുത്തുള്ള കേന്ദ്രത്തിൽ നിന്നും വാക്സിൻ എടുക്കൂ എന്ന പ്രചാരണത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
കോഴിക്കോട് ജില്ലാ കളക്ടർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ക്രഷ് ദ കർവ് ക്യാംപയിനിന്റെ ഭാഗമായാണ് വീഡിയോ ചെയ്തിരിക്കുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നവീനും ജാനകിയും ചുവടുവെച്ചാണ് ‘റാ റാ റാസ്പുടിൻ’ എന്ന ഗാനം ഈയടുത്ത് സോഷ്യൽമീഡിയയിൽ തരംഗമായത്. ഇതിന് പിന്നാലെയാണ് ഇതേ ഗാനവുമായി വാക്സിൻ പ്രചാരണ വീഡിയോ ഇറക്കിയിരിക്കുന്നത്.
Discussion about this post