കണ്ണൂർ: കണ്ണൂർ പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയായ രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനു പിന്നാലെ രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കശുമാവിൻ തോട്ടത്തിൽ വടകര റൂറൽ എസ്പി പരിശോധന നടത്തി. രതീഷിനെ തൂങ്ങിയ നിലയിൽ കണ്ട മരവും സമീപ പ്രദേശങ്ങളും പരിശോധിച്ചു.
ഇന്ന് വിശദ പരിശോധനക്കായി മൻസൂർ വധം അന്വേഷിക്കുന്ന സംഘം രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ചെക്യാട് എത്തും. ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമാണ് യുഡിഎഫ് ആരോപണം.
അതേസമയം, മൻസൂർ കൊല്ലപ്പെട്ട കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഉടൻ അന്വേഷണം ഏറ്റെടുക്കും. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മായിൽ കേസ് ഡയറി പുതിയ അന്വേഷണ സംഘത്തിന് നാളെ കൈമാറും. നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയിൽ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്.