ആലപ്പുഴ: പ്രകൃതിപ്രതിഭാസമായ നിഴലില്ലാ ദിനം കേരളത്തിൽ ഈ ഏപ്രിലിൽ അനുഭവിച്ചറിയാം. സൂര്യൻ നിഴലില്ലാനിമിഷങ്ങൾ സമ്മാനിക്കുന്ന സീറോ ഷാഡോ ഡേ ഈ ഞായറാഴ്ച മുതലാണ് കേരളത്തിൽ അനുഭവപ്പെടുക. സൂര്യന്റെ ഉത്തരായനകാലത്തെ നിഴലില്ലാദിനങ്ങളാണ് ഏപ്രിൽ 11 മുതൽ ആരംഭിക്കുന്നത്.
വിവിധ ജില്ലകളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് നിഴലില്ലാനിമിഷങ്ങൾ അനുഭവിക്കാനാവുക. നട്ടുച്ചയ്ക്ക് സൂര്യൻ നേരെ തലയ്ക്കുമുകളിൽ വരുന്ന സമയത്തായിരിക്കും നിഴലില്ലാത്ത അവസ്ഥ നമ്മൾക്ക് അനുഭവപ്പെടുക. പൊതുവെ ഉച്ചനേരത്ത് സൂര്യൻ തലയ്ക്ക് മുകളിൽ എത്തിയ നേരം എന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലുംഎല്ലാ നട്ടുച്ചകളിലും അതു സംഭവിക്കില്ല.
ഒരുവർഷം ഒരിടത്ത് രണ്ടുദിവസം മാത്രമാണ് സൂര്യൻ നമ്മുടെ നേരെ മുകളിലൂടെ കടന്നുപോകുന്നത്. അപ്പോൾ നിഴലുകൾ അപ്രത്യക്ഷമാകുന്നു. ആ ദിനങ്ങളാണ് നിഴലില്ലാദിവസങ്ങൾ എന്നറിയപ്പെടുന്നത്. ദക്ഷിണായനകാലത്തും ഉത്തരായനകാലത്തും ഓരോ ദിവസങ്ങൾ ഇത്തരത്തിലുണ്ടാകും. ഇന്ത്യയിൽ ഇത്തരം ദിവസങ്ങൾ വരുന്നത് ഏപ്രിലിലും ഓഗസ്റ്റിലുമാണ്. ഭൂമിയിൽ +23.5 ഡിഗ്രിക്കും 23.5 ഡിഗ്രിക്കും ഇടയിൽ അക്ഷാംശംവരുന്ന ഇടങ്ങളിൽ മാത്രമേ ഇത്തരം നിഴലില്ലാ ദിവസങ്ങളുണ്ടാകൂ. കേരളം മുഴുവനായും ഈ പരിധിയിൽ വരുന്നതിനാൽ മലയാളികൾക്ക് ഈ ദിനം കണ്ടു തന്നെ അറിയാം. ഉത്തരേന്ത്യ +23.5 ഡിഗ്രി, 23.5 ഡിഗ്രി ഈ പരിധിക്ക് പുറത്തായതിനാൽ അവിടെ ഒരിക്കലും നിഴലില്ലാ ദിനങ്ങൾ സംഭവിക്കാറില്ല.
അതേസമയം, ഓരോ പ്രദേശത്തെയും നിഴലില്ലാനേരം കണ്ടെത്താൻ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. ആൻഡ്രോയ്ഡിൽ സീറോ ഷാഡോ ഡെയ്‌സ് എന്ന് തിരഞ്ഞാൽ ഇതുലഭിക്കും.
വിവിധ ജില്ലാ ആസ്ഥാനങ്ങളിലെ നിഴലില്ലാനേരം ഇങ്ങനെ: തിരുവനന്തപുരം-ഏപ്രിൽ 11ന് 12.24
കൊല്ലം12ന് 12.25
പത്തനംതിട്ട 13ന് 12.24
ആലപ്പുഴ, കോട്ടയം14ന് 12.25
ഇടുക്കി15ന് 12.22
എറണാകുളം15ന് 12.25
തൃശ്ശൂർ17ന് 12.25
പാലക്കാട് 18ന് 12.23
മലപ്പുറം 18ന്12.25
കോഴിക്കോട് 19ന് 12.26
വയനാട് 20ന് 12.25
കണ്ണൂർ 21ന് 12.27
കാസർകോട് 22ന് 12.29