പാലക്കാട്: മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീന്‍-ജാനകി വൈറല്‍ ഡാന്‍സ് വിവാദത്തിന് പിന്നാലെ സിനിമാ ഷൂട്ടിംഗിന് നേരെയും സംഘപരിവാര്‍ ആക്രമണം. ഹിന്ദു മുസ്ലിം പ്രണയം അടിസ്ഥാനമാക്കിയെന്ന് ആരോപിച്ചാണ് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ സിനിമാ ഷൂട്ടിംഗ് തടഞ്ഞത്.
പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രവളപ്പില്‍ പുരോഗമിച്ചുകൊണ്ടിരുന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. സിനിമയുടെ ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചു.
ഹിന്ദു – മുസ്ലീം പ്രണയം പറയുന്ന സിനിമ എവിടെയും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി സിനിമ പ്രവര്‍ത്തകര്‍ പറഞ്ഞു. മീനാക്ഷി ലക്ഷ്മണനാണ് സംവിധാനം.
ക്ഷേത്രം അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയത്. എന്നാല്‍ സിനിമയുടെ കഥ പറയണമെന്ന് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും കഥ കേട്ടതോടെ ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഈ സിനിമ എവിടെയും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ഷൂട്ടിംഗ് ഉപകരണങ്ങള്‍ എടുത്തെറിയുകയും ചെയ്തു. സംഭവ സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. ഷൂട്ടിംഗ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
Discussion about this post