കൂരോപ്പട; കബളിപ്പിച്ച് പണം തട്ടിയവരോട് കണ്ണീര് അപേക്ഷയുമായി ലോട്ടറി വില്പ്പനക്കാരി അനീഷ. ‘അല്പമെങ്കിലും മനസ്സാക്ഷിയുണ്ടെങ്കില്‍ തട്ടിച്ചെടുത്ത ആ തുക തിരികെ നല്‍കണമെന്നാണ് അനീഷയുടെ അപേക്ഷ. ഉപജീവനത്തിനായി മുച്ചക്ര വാഹനത്തില്‍ ലോട്ടറി വില്പന നടത്തുകയാണ് കോത്തല തെക്കേതില്‍ അനീഷ.
സമ്മാനത്തുകയുള്ള നമ്പര്‍, കൈയ്യിലുള്ള ലോട്ടറി ടിക്കറ്റില്‍ തിരുത്തിയെഴുതി അതുമായി എത്തിയ ഒരാള്‍ അനീഷയുടെ 8,000 രൂപയും 40 ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. കൂരോപ്പട ബൈപാസ് റോഡില്‍ ടിക്കറ്റ് വില്പന നടത്തുകയായിരുന്നു അനീഷ. ബൈക്കില്‍ ഹെല്‍മറ്റും മാസ്ക്കും ധരിച്ചെത്തിയ ആള് 5,000 രൂപ സമ്മാനത്തുക അടിച്ച 36 ടിക്കറ്റുകള്‍ എടുത്തു കൊടുത്ത ശേഷം തുക ആവശ്യപ്പെട്ടു.
അത്രയും പണം കൈയ്യില്‍ ഇല്ലെന്ന് അനീഷ പറഞ്ഞപ്പോള്‍ ഉള്ള തുക തരാന്‍ ആവശ്യപ്പെട്ടു. കൈവശം 8,000 രൂപയേ ഉള്ളൂ എന്ന് അനീഷ പറഞ്ഞപ്പോള്‍ സമ്മാനം അടിച്ച ടിക്കറ്റാണെന്നു പറഞ്ഞ് 2 ടിക്കറ്റ് ഇയാള്‍ അനീഷയ്ക്കു നല്കി. ബാക്കി പണത്തിന് 40 രൂപ വിലയുള്ള 40 ടിക്കറ്റുകളും വാങ്ങി. പതിനായിരത്തിന്റെ ബാക്കി തുകയായി 400 രൂപ ചില്ലറ തപ്പിയെടുത്ത് അനീഷ നല്കാന് ഒരുങ്ങിയപ്പോള്‍ അതു കൈയ്യില്‍ വച്ചോളു എന്നു പറഞ്ഞ് ബൈക്കോടിച്ച് കടന്നുകളയുകയായിരുന്നു.
അനീഷ ആ ടിക്കറ്റുകളുമായി ലോട്ടറി ഓഫീസില്‍ എത്തിയപ്പോഴാണ് തന്നെ കബളിപ്പിച്ചതാണെന്ന് വ്യക്തമായത്. 3687 എന്ന 4 അക്കത്തില്‍ അവസാനിക്കുന്ന ടിക്കറ്റിനായിരുന്നു സമ്മാനമുണ്ടായിരുന്നത്. 3387 എന്ന നമ്പറിലുള്ള ടിക്കറ്റിന്റെ ഒരക്കം തിരുത്തിയാണ് ഇയാള്‍ തട്ടിപ്പു നടത്തിയതെന്നു ടിക്കറ്റ് സ്കാന്‍ ചെയ്തു നടത്തിയ പരിശോധനയില്‍ ബോധ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ താന്‍ സമ്പാദിച്ച ആ പണം തിരികെ നല്‍കണമെന്നാണ് അനീഷയുടെ അപേക്ഷ.
Discussion about this post