തൃശ്ശൂര്‍: മലയാളി കാരുണ്യം നിറഞ്ഞ മനസ്സിന് തീര്‍ത്താല്‍ തീരാത്ത നന്ദിയുമായി ദൈവദൂതന് ഫിറോസ് കുന്നംപറമ്പില്‍. കരള്‍ രോഗം ബാധിച്ച മൂന്നുവയസുകാരന് മുഹമ്മദ് ശിബ്ലിക്ക് വേണ്ടി ദിവസങ്ങള്‍ക്കുള്ളില്‍ മലയാളി സ്വരുക്കൂട്ടിയത് 53 ലക്ഷമാണ്.
30 ലക്ഷം രൂപ സഹായം ചോദിച്ച ഫിറോസിന് പ്രവാസി മലയാളികളടക്കം വെറും രണ്ടു ദിവസം കൊണ്ട് മുഴുവന്‍ തുകയും അയച്ചുനല്‍കിയിരുന്നു. അക്കാര്യം ഫിറോസ് തന്നെ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ഇനി പണം അയക്കേണ്ടതില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടും ഈ അക്കൗണ്ടിലേക്ക് പണം എത്തി. ഇപ്പോള്‍ ആ അക്കൗണ്ടിലേക്ക് എത്തിയിരിക്കുന്നത് 53 ലക്ഷം രൂപയാണ്. സ്നേഹം കൊണ്ടുള്ള ഈ സ്വരുക്കൂട്ടലിന് എന്താണ് മറുപടി പറയേണ്ടതെന്ന് അറിയാതെ ഫിറോസും കുഴങ്ങിയിരിക്കുകയാണ്.
ശിബ്ലിയുടെ ചികില്‍സയ്ക്കായി ആവശ്യമുള്ള 30 ലക്ഷം രൂപ നല്‍കിയശേഷം ബാക്കി 23 ലക്ഷം രൂപ മറ്റുള്ളവര്‍ക്കായി അദ്ദേഹം മാറ്റിവച്ചിരിക്കുകയാണ്. കോഴിക്കോട് എംപി എംകെ രാഘവന്റെ നേതൃത്തില്‍ ചേര്‍ന്ന ചടങ്ങിലാണ് ഈ തുക വിതരണം ചെയ്തത്. ചികില്‍സ വേണ്ടവര്‍ക്കും പഠനം മുടങ്ങിയവര്‍ക്കുമാണ് ഈ തുക വിതരണം ചെയ്തത്.
കരല്‍ രോഗത്തിന്റെ തീവ്രതയായിരുന്നു മൂന്നുവയസ് മാത്രമുള്ള ശിബ്ലിയെ തളര്‍ത്തി കളഞ്ഞത്. വയറ് വീര്‍ത്ത് പൊട്ടാറായ അവന്റെ അവസ്ഥ ആരുടെയും കണ്ണുനിറയ്ക്കുന്നതായിരുന്നു. കരള്‍ പകുത്ത് നല്കാന് ഉമ്മ തയാറാണെങ്കിലും ഓപ്പറേഷന് വേണ്ട പണം കണ്ടെത്താനാകാതെ വിഷമിക്കുകയായിരുന്നു ഈ കുടുംബം.
അപ്പോഴാണ് ഫിറോസ് ഇവരുടെ പ്രശ്നങ്ങള്‍ അറിഞ്ഞെത്തുന്നത്. 20 ലക്ഷത്തോളം രൂപ ഓപ്പറേഷനായി ചെലവ് വരും പിന്നീടുള്ള തുടര്‍ ചികില്‍സയ്ക്കും മരുന്നിനുമായി പത്തുലക്ഷത്തോളം രൂപയും വേണം. ഇതാണ് രണ്ടുദിവസം കൊണ്ട് പ്രവാസികളുടെ സഹായത്തോടെ അക്കൗണ്ടിലെത്തിയത്.
Discussion about this post