വയനാട്: വയനാട് മീനങ്ങാടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തില്‍ ഷംസുദ്ദീന്റെ ഭാര്യ ഉമൈമത്ത് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. മാര്‍ച്ച് 29നാണ് പ്രദേശവാസിയായ 31കാരന് ശ്രീകാന്ത് ഇവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് മരിച്ചത്.
ഉമൈമത്തിന്റെ മകനും ശ്രീകാന്തും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിക്കാന്‍ എത്തിയ ശ്രീകാന്ത് ഉമൈമത്തിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഉമൈത്തിന്റെ കരച്ചില് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഉമൈമത്തിന് ആശുപത്രിയിലെത്തിച്ചത്. ശ്രീകാന്തിനെ അപ്പോള്‍ തന്നെ നാട്ടുകാര്‍ പിടികൂടിയിരുന്നു. എന്നാല്‍ നാട്ടുകാരുടെ മര്‍ദനത്തില്‍ ശ്രീകാന്തിന് തലയ്ക്ക് പരിക്ക് പറ്റിയിരുന്നു. ഇതേതുടര്‍ന്ന് ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന് നില മെച്ചപ്പെട്ടതിനാല്‍ മാനന്തവാടി സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിക്കെതിരെ കൊലപാതകത്തിന് കേസ് എടുത്തു.
Discussion about this post