ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നതിനിടെ പ്രതിരോധ പ്രവർത്തനങ്ങളേയും വാക്‌സിൻ ലഭ്യതയെ കുറിച്ചും പ്രതികരിച്ച് ഐഎംഎ. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിലായിരുന്നവെന്ന് അഭിനന്ദിച്ച ഐഎംഎ വാക്‌സിനേഷൻ സംബന്ധിച്ച കേന്ദ്ര സർക്കാർ നിലപാടുകളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിൽ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ജയലാൽ പ്രതികരിച്ചു.
ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് 1.6 ആണ്. കേരളത്തിന്റെ 0.4നേക്കാൾ കുറവാണ്. അതൊരു വലിയ നേട്ടമാണ്. മെഡിക്കലി കൊവിഡ് പ്രതിരോധത്തിൽ കേരള സർക്കാർ ഒരു കുറവും വരുത്തിയതായി ഐഎംഎ കരുതുന്നില്ല. ജനങ്ങളും നല്ല രീതിയിൽ സഹകരിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ പോലും മരണനിരക്ക് ഇത്രയും കുറയ്ക്കാനായിട്ടില്ല. കേരളത്തിന്റെ മുഴുവൻ ആരോഗ്യസംവിധാനത്തെയുമാണ് ഇതിൽ അഭിനന്ദിക്കേണ്ടത്. എല്ലാ മഹാമാരിയിലും രണ്ടാം തരംഗവും മൂന്നാം തരംഗവും ഉണ്ടാകാറുണ്ട്. ചരിത്രം പരിശോധിച്ചാൽ എപ്പോഴും ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ടെന്നുള്ളത് വ്യക്തമാകും. ഈ രോഗം വരുത്തുന്ന വൈറസിൽ ജനിതകമാറ്റം സംഭവിക്കുമ്പോൾ ഒറിജിനൽ വൈറസ് മരിച്ച് പുതിയവ നിലനിൽക്കും. അതാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. ആദ്യ വൈറസ് വയസ്സായവരെയാണ് കൂടുതലായി ബാധിച്ചിരുന്നതെങ്കിൽ പുതിയ വൈറസ് ചെറുപ്പക്കാരിലാണ് കൂടുതൽ പടരുന്നതെന്നും ഡോ.ജയലാൽ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
വിവിധ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാവർക്കും വാക്‌സിനേഷൻ ലഭിക്കണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നത്. കുറഞ്ഞത് 40 കോടി പേർക്കെങ്കിലും വാക്‌സിൻ ലഭിച്ചിരിക്കണം. 9 കോടിയിൽ താഴെ പേർക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിൻ ലഭിച്ചിരിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ പറയുന്നത് 45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം വാക്‌സിൻ നൽകാമെന്നാണ്. അതിൽ പ്രയോജനമില്ല. വാക്‌സിന്റെ കുറവുണ്ടാകുമെന്ന സാഹചര്യം മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കണമായിരുന്നു. പുറം രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റിയയച്ചത് തെറ്റാണെന്ന് പറയാനാകില്ല. പക്ഷെ ഇത്രയും കയറ്റിയക്കണമായിരുന്നോ എന്നതാണ് ചോദ്യം. നിലവിൽ വാക്‌സിന്റെ കുറവുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇനിയെങ്കിലും കയറ്റുമതി കുറയ്ക്കണം. കൊവിഷീൽഡിനൊപ്പം മറ്റു വാക്‌സിനുകളും ഉപയോഗിക്കാനും തയ്യാറാകണമെന്നും ഡോ. ജയലാൽ പ്രതികരിച്ചു.
Discussion about this post