തൃശൂര്‍: ഒറ്റ രാത്രി കൊണ്ട് സോഷ്യല്‍മീഡിയയില്‍ ഇടംനേടിയവരാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകി രാംകുമാറും നവീന്‍ കെ റസാഖും. അമ്പരപ്പിക്കുന്ന നൃത്ത ചുവടുകളിലൂടെ സോഷ്യല്‍മീഡിയയില്‍ ഇടംപിടിച്ച ജാനകിയും നവീനും എതിരെ ഇപ്പോള്‍ മതവിദ്വേഷ പ്രചരണങ്ങളും തകൃതിയായി നടക്കുകയാണ്. ഈ സാഹചര്യത്തില്‍ മറുപടിയുമായി വീണ്ടും ഡാന്‍സ് കളിച്ച് രംഗത്തെത്തിയിരുന്നു ഇരുവരും. ഇപ്പോള്‍ മതവിദ്വേഷ പ്രചരണത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജാനകിയും നവീനും.
സൈബര്‍ അറ്റാക്കുകളെ വകവെയ്ക്കുന്നില്ലെന്നും വളരെ കുറച്ച് പേര് മാത്രമാണ് നെഗറ്റീവ് കമന്റുകളുമായെത്തുന്നതും ഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പമാണെന്നും നവീനും ജാനകിയും പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം. ഇനിയും ഡാന്‍സ് വീഡിയോകള്‍ ചെയ്യുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
റാസ്പുട്ടിന് എന്ന ഗാനത്തിന് നവീനും ജാനകിയും ചേര്‍ന്ന് ചെയ്ത 30 സെക്കന്റുള്ള ഡാന്‍സ് വീഡിയോ കഴിഞ്ഞ ആഴ്ചയായിരുന്നു വൈറലായത്. നിരവധി പേരാണ് ഇരുവരുടെയും ചുവടുകളെ അനുമോദിച്ച് രംഗത്തെത്തിയത്. പക്ഷെ ഇതിന് പിന്നാലെ നവീനിന്റെയും ജാനകിയുടെയും മതം പറഞ്ഞുകൊണ്ട് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകള്‍ വിദ്വേഷ ക്യാംപെയ്ന് ആരംഭിക്കുകയായിരുന്നു.
പ്രതികരണം ഇങ്ങനെ;
‘സൈബര്‍ അറ്റാക്കുകളെ മൈന്റാക്കുന്നില്ല. അത് അതിന്റെ വഴിയ്ക്ക് നീങ്ങട്ടെ. പറയുന്നവര്‍ പറയട്ടെ. ഞങ്ങള്‍ക്ക് അതില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഞങ്ങള്‍ വിദ്യാര്‍ത്ഥികളാണ്. അത് നെഗറ്റീവായി ചിത്രീകരിക്കാന്‍ തോന്നുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. അതൊന്നും ഞങ്ങളെ ബാധിക്കില്ല.
ഐ.എം.എയും കോളേജ് യൂണിയനുമൊക്കെ ഈ വിദ്വേഷ പ്രചരണങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. വളരെ കുറച്ച് പേര് മാത്രമാണ് വിദ്വേഷ പ്രചരണങ്ങളുമായെത്തുന്നത്. ഭൂരിപക്ഷവും പോസിറ്റീവായാണ് ഇതിനെ കാണുന്നത്.. ഞങ്ങള്‍ ഒന്നിച്ചാണ് പഠിക്കുന്നതും ക്ലാസില്‍ പോകുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം. ആ ഞങ്ങള്‍ ഒരു ഡാന്‍സ് കളിച്ചു. എന്റര്ടെയ്ന്മെന്റ് മാത്രമാണ് ഉദ്ദേശിച്ചത്. അതിനെ അങ്ങനെ കാണണം.
ഞാനും വീട്ടുകാരും ഈ വിദ്വേഷ പ്രചരണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് കരുതുന്നത്. ഇതൊന്നും ഞങ്ങള്‍ക്കൊരു വിഷയമല്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. കോളേജില്‍ വേറെയും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ പഠിക്കുന്നുണ്ട്. അവരില്‍ ഡാന്‍സ് ചെയ്യുന്നവരുണ്ടെന്നും അവരും ഇതുപോലെ വീഡിയോകളുമായി മുന്നോട്ടുവരും.
Discussion about this post