കൊവിഡ് 19 ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരം. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. വ്യാഴാഴ്ച രാത്രി നടത്തിയ പ്രാഥമിക പരിശോധനയില്‍ മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായി എത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കൊവിഡ് ബാധ സ്ഥിരീകരിച്ചു. നേരത്തെ, മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ഇവര്‍, മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കൊവിഡ് പരിശോധന ഫലം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പിപിഇ കിറ്റ് ധരിച്ചായിരുന്നു വീണ വിജയന്‍ വോട്ട് രേഖപ്പെടുത്താനെയെത്തിയത്. മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തിലാണ്. രണ്ട് ദിവസമായി രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.