ഇടുക്കി: വയോധികയെ ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കട്ടപ്പനയിലാണ് സംഭവം. കട്ടപ്പന സ്വദേശി ജോർജിന്റെ ഭാര്യ ചിന്നമ്മ(60)യെയാണ് മരിച്ചനിലയിൽ ഇന്ന് കണ്ടെത്തിയത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, മോതിരം എന്നിവ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.
സംഭവം മോഷണത്തിനിടെയുള്ള കൊലപാതകമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. ഇരുനില വീട്ടിൽ ജോർജും ഭാര്യ ചിന്നമ്മയും മാത്രമാണ് താമസിച്ചിരുന്നത്. ജോർജ് വീടിന്റെ മുകൾനിലയിലും ഭാര്യ താഴത്തെനിലയിലുമാണ് രാത്രി ഉറങ്ങാൻ കിടന്നിരുന്നത്.
പിനന്ീട് രാവിലെയോടെയാണ് ചിന്നമ്മയെ താഴത്തെനിലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ ഇവരുടെ ശരീരത്തിൽ മുറിവുകളോ മറ്റുപാടുകളോ ഇല്ലെന്നാണ് പോലീസ് നൽകുന്നവിവരം. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം വീട്ടിലും പരിസരത്തും വിശദമായ പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഫൊറൻസിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം കണ്ടെത്താനാവൂ എന്നും പോലീസ് പറഞ്ഞു.
Discussion about this post