കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നേക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ള കോഴിക്കോട് ജില്ലയിലാണ്. ഈ പശ്ചാത്തലത്തിലാണ് കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കളക്ട്രേറ്റില്‍ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു. രോഗവ്യാപനം നിയന്ത്രിക്കാനായി പോലീസ് നടപടികളും ശക്തമാക്കും. 550 കൊവിഡ് രോഗികളാണ് ജില്ലയില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. 4660 പേരാണ് ജില്ലയില്‍ നിലവില് ചികിത്സയിലുള്ളത്.
അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഉറപ്പാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പോലീസ് പരിശോധന വ്യാപകമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കാനും തീരുമാനിച്ചു.
ക്വാറന്റീന്‍ പഴയരീതിയില്‍ തന്നെ തുടരും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഒരാഴ്ച നിരീക്ഷണം തുടരും. രോഗബാധിതരെ കണ്ടെത്താന്‍ ആന്റിജന്‍ പരിശോധനകളും നടത്തും. പിസിആര്‍ പരിശോധനയും വ്യാപകമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോളിംഗ് ഏജന്റുമാരടക്കമുള്ളവര്‍ക്കും കൊവിഡ് പരിശോധന നടത്തുന്നുണ്ട്.
ഇതോടൊപ്പം തന്നെ വാക്സീന്‍ നടപടികളും അതിവേഗത്തിലാക്കുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും കളക്ടര്‍മാര്‍ക്കുമാണ് ഈ ചുമതല നല്‍കിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post