ആലപ്പുഴ: അമ്പലപ്പുഴയില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി. വാതിലുകളും ജനാലകളും പട്ടിക അടിച്ച് വീണ്ടും സീല്‍ ചെയ്തു.
ഇതോടെ സെന്റ് ജോസഫ് സ്കൂളിലെ സ്ട്രോങ് റൂം കേന്ദ്രത്തില്‍ അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം ലിജു നടത്തിവന്ന കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു.
സ്ട്രോങ് റൂമിന് ചട്ടങ്ങള്‍ അനുശാസിക്കുന്ന പ്രകാരമുള്ള സുരക്ഷയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ലിജു ബുധനാഴ്ച കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. സ്കൂളിന് പുറത്ത് ധാരാളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു.
നാല് സ്ട്രോങ് റൂമുകളിലായി 189 വോട്ടിങ് യന്ത്രങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയായിരുന്നു.
സാധാരണ രീതിയില്‍ സ്ട്രോങ് റൂമിന്റെ വാതിലിന് പുറത്ത് പലക അടിച്ച് സുരക്ഷ ഒരുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകന് അനുവദിക്കുന്നില്ലെന്നായിരുന്നു ലിജു ആരോപിച്ചിരുന്നത്.
എല്‍ഡിഎഫും സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. നാളെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു നേരത്തെ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചത്. എന്നല്‍ പ്രതിഷേധം ശക്തമായതോടെ ഉടന്‍ തീരുമാനം എടുക്കുകയായിരുന്നു.
Discussion about this post