കോട്ടയം: പൂഞ്ഞാറില്‍ താന്‍ ജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസത്തോടെ പിസി ജോര്‍ജ്. ഭൂരിപക്ഷം എത്ര എന്ന് ഇപ്പോള്‍ പറയുന്നില്ല. ഒരു വോട്ടിന് ആണെങ്കിലും ജയിച്ചാല്‍ പോരേ? ഇലക്ഷന് വരെ ഭൂരിപക്ഷത്തെ കുറിച്ച് എന്തും പറയാം.
പക്ഷേ ഇനി പറയുന്ന കണക്ക് തെറ്റാന്‍ പാടില്ല. ബൂത്തുകളില്‍ നിന്ന് കണക്ക് വരാനുണ്ട്. ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറുമെന്നും പിസി ജോര്‍ജ് പറയുന്നു. ‘ഈരാറ്റുപേട്ടയെ ഈരാറ്റുപേട്ട ആക്കിയത് ഞാനാ, ആ എന്നോട് ഇങ്ങനെ വൃത്തികേട് കാണിക്കാമോ’ എന്നും പിസി ജോര്‍ജ് ചോദിക്കുന്നു.
എസ്ഡിപിഐ എതിര്‍ത്തത് ഗുണം ആയി. ക്രിസ്ത്യന്‍ ഹിന്ദു വിഭാഗങ്ങള്‍ തനിക്ക് അനുകൂലമായി വലിയ പിന്തുണ നല്കി. ബിജെപി വോട്ടുകള്‍ തനിക്ക് കിട്ടി. ബിജെപിക്കാര്‍ക്ക് ഒരു ചായ പോലും വാങ്ങിക്കൊടുത്തില്ല.
എല്ലാവരോടും വോട്ട് ചോദിച്ചതുപോലെ അവരോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചു. അല്ലാതെ വോട്ട് കച്ചടവടമൊന്നുമല്ല. മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചു. പൂഞ്ഞാറില്‍ രണ്ടാമത് ആര് എത്തുമെന്ന് പറയാന്‍ ആകില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
പാലായില്‍ മാണി സി കാപ്പന് വിജയിക്കും. മാണി സി കാപ്പന് ഒന്നേ മുക്കാല്‍ കൊല്ലം കൊണ്ട് ജനങ്ങളുടെ മനസ്സ് കവര്‍ന്നു. നമ്മുടെ ആളുകള്‍ കാപ്പന് വോട്ട് ചെയ്തു. കാപ്പന് ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറവായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
കോട്ടയം ജില്ലയിലെ ഫലം പിസി ജോര്‍ജ് പ്രവചിച്ചു. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ജയിക്കും. ചങ്ങനാശ്ശേരിയില്‍ രണ്ട് പേര്‍ക്കും സാധ്യതയുണ്ട്. ഏറ്റുമാനൂരില്‍ വാസവന് ജയിക്കും. കടുത്തുരുത്തിയില്‍ മോന്സിന്റെ നില പരുങ്ങലിലാണ്.
കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോന്‍സ് കണ്ണന്താനമോ ജയരാജോ ജയിക്കും. വൈക്കത്ത് ആശയും പാലായില്‍ മാണി സി കാപ്പനും പൂഞ്ഞാറില്‍ പിസി ജോര്‍ജും ജയിക്കുമെന്നുമാണ് പ്രവചനം.
Discussion about this post