കൊച്ചി: കൊച്ചി പമ്പിള്ളിനഗറിലെ സെലിബ്രിറ്റി ബ്യൂട്ടിപാര്‍ലറിന് നേരെയുണ്ടായ വെടിവയ്പ്പിന് പിന്നില്‍ മുംബൈ അധോലോകം. ചലച്ചിത്രതാരം ലീന മരിയ പോളിന്റെ നെയില്‍ ആര്ട്ടിസ്റ്ററിയിലാണ് പട്ടാപ്പകല്‍ വെടിവയ്പുണ്ടായത്. ഉച്ചതിരിഞ്ഞ് മൂന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കെട്ടിടത്തിലേക്ക് വെടിയുതിര്‍ത്തത്.
മുംബൈ അധോലോകത്തിലെ രവി പൂജാരിയുടെ സംഘാംഗങ്ങളാണെന്ന കുറിപ്പ് വലിച്ചറിഞ്ഞ ശേഷമാണ് ഇവര്‍ രക്ഷപെട്ടത്. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി. അക്രമികള്‍ ബൈക്കില്‍ എത്തുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
മുംബൈ അധോലോകവുമായി ബന്ധമുള്ള ആളുകളില്‍ നിന്ന് തനിക്ക് ഭീഷണിയുള്ളതായി നേരത്തെ ലീന മരിയ പോള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇത്തരം ടെലിഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്ന് ഇവര്‍ പോലീസിനെ നേരത്തെ അറിയിച്ചിരുന്നു.
ബ്യൂട്ടി പാര്‍ലര്‍ ഉടമയ്ക്ക് 25 കോടി രൂപ ആവശ്യപ്പെട്ട് ഇവര്‍ നേരത്തെ ഫോണ്‍ സന്ദേശം അയച്ചിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ബ്യൂട്ടി പാര്‍ലര്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പണം നല്കാന് ഉടമ തയ്യാറായില്ല. ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അക്രമികള്‍ വെടിവയ്പ് നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. പണം ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സംഭവ സ്ഥലത്തെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. സമീപത്തെ സിസിടിവികളില്‍ അക്രമികളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
അതേസമയം മുംബൈ അധോലോകവുമായി ആക്രമണത്തിന് ബന്ധമുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് പ്രഥമിക സൂചന. ഇക്കാര്യത്തിലും കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്.
ആക്രമണമുണ്ടാകുമ്പോള്‍ ലീന മരിയ പോള്‍ ബ്യൂട്ടിപാര്‍ലറില്‍ ഉണ്ടായിരുന്നില്ല. ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൊച്ചിയിലെ ഏറ്റവും ആഡംബര മേഖലയായ പനമ്പിള്ളി നഗറില്‍ നടന്ന ആക്രമണം നഗരവാസികളെ ഞെട്ടിച്ചു. ബൈക്കില്‍ രക്ഷപെട്ടവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കി.
മലയാളത്തില്‍ റെഡ് ചില്ലീസ് അടക്കം ചില സിനിമകളില്‍ ലീന മരിയ പോള്‍ അഭിനയിച്ചിട്ടുണ്ട്. തട്ടിപ്പു കേസുകളില്‍ പ്രതിയായ ലീന മരിയ പോളിനെ 2013 ല്‍ ഡല്‍ഹി പോലീസും 2015 ല്‍ മുംബൈ പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് 19 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഇവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസിന് കൈമാറുകയായിരുന്നു. കോടികളുടെ സാമ്പത്തിക തട്ടിപ്പിലാണ് മുംബൈ പോലീസും അറസ്റ്റ് ചെയ്തത്.
Discussion about this post