പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകൾ തനിക്ക് ലഭിച്ചെന്ന് അവകാശപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. ഇതിനായി മുതിർന്ന കോൺഗ്രസ് നേതാക്കൾ സഹായിച്ചെന്നും ഇ ശ്രീധരൻ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. വ്യക്തി എന്ന നിലയിലാണ് ആളുകൾ തനിക്ക് സഹായം വാഗ്ദാനം ചെയ്തതെന്നും ഇ ശ്രീധരൻ പറഞ്ഞു.
ബിജെപി പറഞ്ഞാൽ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണെന്ന് ആവർത്തിച്ച ഇ അശരീധരൻ താൻ പിണറായി വിജയനേക്കാൾ നല്ല മുഖ്യമന്ത്രിയാകുമെന്നും പറഞ്ഞു. 34 സീറ്റുമായി എങ്ങനെ ഭരിക്കുമെന്ന് അറിയില്ലെന്നും, ആരെയും പ്രേരിപ്പിച്ച് പാർട്ടിയിലേക്ക് കൊണ്ടുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിൽ നിന്ന് ആർക്കുവേണമെങ്കിലും വരാം. മുഖ്യമന്ത്രിയായാൽ രാഷ്ട്രീയം കളിക്കില്ല. സംസ്ഥാനത്തെ മികച്ച രീതിയിൽ ഭരിക്കുമെന്നും ശ്രീധരൻ പ്രത്യാശ പ്രകടിപ്പിച്ചു.
ജയിച്ചാലും തോറ്റാലും പാലക്കാട്ടെ ജനങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നും പാലക്കാട് വീടും എംഎൽഎ ഓഫീസും തയ്യാറായെന്നും ശ്രീധരൻ പറഞ്ഞിരുന്നു. ബിജെപിയുടെ വളർച്ച താൻ വന്നതോടെ കുറച്ച് കൂടിയെന്നും മറ്റു മണ്ഡലങ്ങളിലും തന്റെ വരവ് നല്ലോണം സ്വാധീനിച്ചിട്ടുണ്ടെന്നും ശ്രീധരൻ അവകാശപ്പെട്ടു. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത. തൂക്കുമന്ത്രിസഭ വന്നാൽ ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യതയെന്നും ശ്രീധരൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post