കാസര്‍കോട്: മികച്ച മാര്‍ജിനില്‍ മഞ്ചേശ്വരത്ത് ജയിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മഞ്ചേശ്വരത്തുണ്ടായ റെക്കോര്‍ഡ് പോളിംഗ് ബിജെപിക്ക് അനുകൂലമായി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. നേമം അടക്കം തിരുവനന്തപുരത്തെ ഏഴോളം സീറ്റുകളില്‍ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നും തൂക്കുമന്ത്രിസഭയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
മഞ്ചേശ്വരത്ത് നല്ല മാര്‍ജിനില്‍ ജയിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ. സ്ത്രീ വോട്ടര്‍മാര്‍ വലിയ തോതിലെത്തി വോട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ ചതിയിലൂടെ 89 വോട്ടിന് ഞങ്ങളെ തോല്‍പ്പിച്ചതിനെതിരെ ജനങ്ങളിലുള്ള പ്രതിഷേധം പലയിടത്തും പ്രകടമായിരുന്നു. സമീപസ്ഥലമായ മംഗലാപുരത്ത് ഇക്കാലയളവിലുണ്ടായ വികസനവും വോട്ടര്‍മാരെ സ്വാധീനിക്കും. മോഡി സര്‍ക്കാരിനുള്ള പിന്തുണയും വോട്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുസ്ലീം ലീഗ് മേഖലകളേക്കാള്‍ കൂടുതല്‍ പോളിംഗ് നടന്നത് ബിജെപി കേന്ദ്രങ്ങളിലാണ്. ചിലയിടത്ത് ക്രോസ്സ് വോട്ടിംഗ് നടന്നെങ്കിലും അതിനെ മറികടക്കാനാവും എന്നാണ് ഗ്രൌണ്ട് റിപ്പോര്‍ട്ട് എന്നും സുരേന്ദ്രന്‍ പറഞ്ഞു.
നേമം നല്ല ഭൂരിപക്ഷത്തില്‍ ബിജെപിക്ക് ജയിക്കും. ഏഴോളം സീറ്റുകളില്‍ ബിജെപിക്ക് ജയസാധ്യതയുണ്ട്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, കാട്ടാക്കട മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കുന്ന സ്ഥിതിയാണുള്ളത്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഒരു മുന്നണിക്കും കൃത്യമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
30 -35 മണ്ഡലങ്ങളില്‍ തീപ്പാറുന്ന പോരാട്ടമാണ് എന്‍ഡിഎ നടത്തിയത്. ശക്തമായ മൂന്നാം മുന്നണിയായി എന്‍ഡിഎ മാറും. കേരളത്തിന്റെ ഗതി നിര്‍ണയിക്കുന്ന ശക്തിയായി എന്‍ഡിഎ മാറും. ഒരു തൂക്കുമന്ത്രിസഭയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.