കൊച്ചി: ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എറണാകുളം സ്വദേശിനി പാറു അമ്മയ്ക്ക് റേഷന്‍ കിട്ടുന്നിലെന്ന ആരോപണം സോഷ്യല്‍മീഡിയയില്‍ തകൃതിയായി അരങ്ങേറുകയാണ്. ഉറപ്പാണ് എല്‍ഡിഎഫ് പരസ്യത്തില്‍ അഭിനയിപ്പിച്ച പാറു അമ്മയ്ക്ക് ഇന്നുവരെ റേഷന്‍ കിട്ടിയിട്ടില്ല, പാറു അമ്മയക്ക് വീട് വച്ചു നല്‍കിയത് കോണ്‍ഗ്രസും മനോരമയും ചേര്‍ന്ന്, പാറു അമ്മയുടെ പോസ്റ്റല്‍ വോട്ട് യു.ഡി.എഫിനാണ് ചെയ്തത്’ എന്നാണ് പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നത്.
പോസ്റ്റ് എംപി ഹൈബി ഈടനും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ സംഭവത്തിലെ വസ്തുതയാണ് പുറത്ത് വരുന്നത്. തെളിവുകള്‍ നിരത്തിയാണ് യുഡിഎഫിന്റെ വ്യാജ പ്രചരണത്തിന് മറുപടി നല്‍കി സോഷ്യല്‍മീഡിയ രംഗത്തെത്തിയിരിക്കുന്നത്. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ നടത്തിയ ഫാക്ട് ചെക്കിലാണ് വ്യാജ പ്രചരണം ചീട്ടുകൊട്ടാരത്തിന് സമം പൊളിഞ്ഞ് വീണത്. തങ്ങളെ തെറ്റിദ്ധരിപ്പിച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് പാറു അമ്മയുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തി.
പാറു അമ്മയുടെ വീട്ടിലെത്തി ചിത്രീകരിച്ച വീഡിയോയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നഭാഗം മ്യൂട്ട് ചെയ്തിരുന്നു. പാറു അമ്മ പറഞ്ഞ ഉത്തരം മാത്രമുള്ളതിനാല്‍ തെറ്റിദ്ധരിപ്പിച്ചാകാം വീഡിയോ എടുത്തതെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഇതിനു പുറമെ പാറു അമ്മയുടെ ചെറുമകളായ ഋതിക ഗോപാലകൃഷ്ണന്‍, ഹൈബി ഈഡന്റെ പോസ്റ്റില്‍ കമന്റായി ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഋതികയില്‍ നിന്നുമാണ് പ്രചരണത്തിലെ വസ്തുത തിരിച്ചറിയാന്‍ ഇടയാക്കിയത്. പാറു അമ്മയ്ക്ക് റേഷന്‍ കിട്ടുന്നില്ല എന്ന വാദം തെറ്റാണെന്ന് ഋതിക പറഞ്ഞു.
ഋതികയുടെ വാക്കുകള്‍;
‘അമ്മൂമ്മയ്ക്ക് 85 വയസ് പ്രായമുണ്ട്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്നപ്പോള്‍, അവരെ തെറ്റിദ്ധരിപ്പിച്ച് ചില പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വീഡിയോ എടുത്തത്. ചോദ്യങ്ങള്‍ മ്യൂട്ട് ചെയ്തുകൊണ്ടുള്ള പ്രചാരണം തന്നെ വ്യാജമാണെന്ന തെളിവാണല്ലോ നല്‍കുന്നത്. അവര്‍ പറഞ്ഞതില്‍ ഒന്നിലും വാസ്തവമില്ല. റേഷന്‍ വാങ്ങുന്നതിന് തെളിവായി അമ്മുമ്മയുടെ ബിപിഎല്‍ റേഷന്‍ കാര്‍ഡുണ്ട്. കൂടാതെ വീടു വച്ചു നല്‍കിയത് കോണ്‍ഗ്രസും മനോരമയും ആണെന്ന പ്രചരണവും തെറ്റാണ്. കുസാറ്റ് യൂണിവേഴ്സിറ്റിയില്‍ താത്ക്കാലിക ജോലിക്കാരിയായിരുന്ന അമ്മുമ്മയ്ക്ക് കോളെജിലെ വിദ്യാര്‍ഥികളാണ് വീട് വച്ച് നല്‍കിയത്. കുസാറ്റിനായി സ്ഥലം ഏറ്റെടുത്തപ്പോഴാണ് ഇപ്പോള്‍ താമസിക്കുന്നയിടത്തേയ്ക്ക് ഞങ്ങള്‍ മാറിയത്. അമ്മുമ്മയുടെ വീടിനു സമീപം തന്നെയാണ് ഞങ്ങള്‍ എല്ലാവരും താമസിക്കുന്നത്. ഞങ്ങളുടെ അറിവോടെയാണ് എല്‍.ഡി.എഫ് പരസ്യത്തിനു വേണ്ടി അമ്മുമ്മയുടെ ഫോട്ടോ എടുത്തത്.