തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ആഘോഷമാക്കി വോട്ടർമാരും. സംസ്ഥാനത്ത് കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. 70 ശതമാനത്തോളം വോട്ടുകളും വൈകുന്നേരം അഞ്ചുമണിയോടെ രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുന്നതിനിടെ മുന്നണികളെല്ലാം വിജയ പ്രതീക്ഷയിലാണ്.
കണ്ണൂരിലാണ് സംസ്ഥാനത്ത് തന്നെ ഏറ്റവും കനത്ത പോളിങ് നടക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലെല്ലാം കനത്ത പോളിങ് രേഖപ്പെടുത്തുന്നത് മുന്നണികളെ ആവേശത്തിലാക്കുന്നുണ്ട്.
ഇതിനിടെ, വോട്ടെടുപ്പിന്റെ ശോഭ കുറച്ച് തിരുവനന്തപുരം കൂട്ടായിക്കോണത്ത് ബിജെപി-സിപിഎം സംഘർഷമുണ്ടായി. വാർഡ് കൗൺസിലറെ അടക്കം പോലീസ് മർദ്ദിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ബന്ധുവിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയെന്നും പരാതിയുണ്ട്.
അതേസമയം, വോട്ടിങ് തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പോലീസിന് രാജാവിനേക്കാൾ വലിയ രാജഭക്തിയോ എന്ന് പരിശോധിക്കണം. പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് മോശം സമീപനം. പോലീസ് ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നത് ശരിയില്ല. പരാതി നൽകുമെന്നും കടകംപള്ളി പറഞ്ഞു.
Discussion about this post