തൃശൂർ: വോട്ടു ചെയ്യാൻ ചേലക്കരയിലെ ബൂത്തിലെത്തിയ വൃദ്ധന് വോട്ടു ചെയ്യാൻ കഴിഞ്ഞില്ല. വോട്ടിങ് രേഖകളിൽ മരിച്ചുപോയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കാണിച്ച് പോളിങ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യുന്നതിൽ നിന്നും വിലക്കുകയായിരുന്നു.
ചേലക്കര എസ്എംടി സ്കൂളിൽ 81 ബി ബ്ലോക്കിൽ വോട്ടു ചെയ്യാനെത്തിയ അബ്ദുൾ ബുഹാരി എന്ന വയോധികനാണ് ഈ ദുര്യോഗം. വോട്ടിങ് രേഖകളിൽ മരിച്ചുപോയെന്നാണ് കാണിക്കുന്നതെന്ന് അറിയിച്ച് അദ്ദേഹത്തെ തടയുകയായിരുന്നു. രേഖകൾ പ്രകാരം മാത്രം വോട്ട് അനുവദിക്കാനേ ചട്ടമുള്ളൂ എന്നതിനാൽ അബ്ദുൾ ബുഹാരിക്ക് വോട്ട് ചെയ്യാനാവില്ലെന്നും പോളിങ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, വോട്ട് നിഷേധിച്ചതിൽ പ്രതിഷേധിച്ച് അബ്ദുൾ ബുഹാരി പോളിങ് ബൂത്തിന് മുന്നിൽ കുത്തിയിരുന്നു. ഇതിനിടെ, ചേലക്കര പഴയന്നൂരിൽ പനയാംപാടത്ത് മാധവൻ എന്ന വയോധികനും വോട്ടു ചെയ്യാനായില്ല. ബൂത്തിൽ എത്തിയപ്പോൾ ഇയാൾ പോസ്റ്റൽ വോട്ട് ചെയ്തതായി പ്രിസൈഡിങ് ഓഫീസർ അറിയിച്ചതാണ് മാധവന് തിരിച്ചടിയായത്. എന്നാൽ താൻ പോസ്റ്റൽ വോട്ട് ചെയ്തിട്ടില്ലെന്നാണ് ഇയാൾ പറഞ്ഞത്. ഇക്കാര്യം വ്യക്തമാക്കി പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകുകയും ചെയ്തു.
തിരുവനന്തപുരത്ത് കഴക്കൂട്ടം പാറശ്ശാല മണ്ഡലങ്ങളിലും ഇടുക്കിയിൽ ദേവികുളത്തും വോട്ടർമാർക്ക് സമാനമായ ദുരനുഭവമുണ്ടായി. ചിലർ ബൂത്തിലെത്തിയപ്പോൾ തപാൽ വോട്ട് ചെയ്തെന്നാണ് പറഞ്ഞതെന്നു പരാതികളുയർന്നിട്ടുണ്ട്.
Discussion about this post