“ചരിത്രത്തില്‍ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല”; തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണം; എകെ ബാലന്‍

പാലക്കാട്: ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ യുഡിഎഫിനും ബിജെപിക്കുമെതിരെ പരാതി നല്‍കുമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. ചരിത്രത്തില്‍ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ഇത് ഭരണഘടനാ വിരുദ്ധവും വെല്ലുവിളിയുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും എകെ ബാലന്‍ ആവശ്യപ്പെട്ടു.

ഇത് ഇടതുമുന്നണിയെ തോല്‍പ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ശബരിമലയില്‍ ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ല. പ്രതിപക്ഷ നേതാവാണോ ദൈവത്തിന്റെ ഹോള്‍ സെയില്‍ കച്ചവടക്കാരന്‍ എന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങള്‍ ഈ വിഷയം പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും എകെ ബാലന്‍ പറഞ്ഞു.

ബിജെപിയും യുഡിഎഫും ശബരിമല വിഷയമാണ് രാവിലെ മുതല്‍ ഉന്നയിക്കുന്നത്. നേതാക്കള്‍ എല്ലാവരും ശബരിമലയെ പ്രചരണവിഷയമാക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് എ കെ ബാലന്റെ പരാമര്‍ശം.

Exit mobile version