തിരുവനന്തപുരം: നേമത്ത് ഒരു തവണ എംഎൽഎയായിട്ടുണ്ടെന്നല്ലാതെ വേറെ ബന്ധമൊന്നുമില്ലെന്നു ഒ രാജഗോപാൽ എംഎൽഎ. നേമത്തെ തെരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തിന് ആയിരുന്നു രാജഗോപാലിന്റെ മറുപടി. രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്ന സാഹചര്യത്തിൽ മാറ്റം വേണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേമത്ത് കെ മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞ സംഭവത്തെ ഒ രാജഗോപാൽ തള്ളിക്കളഞ്ഞു. ആക്രമണമുണ്ടായത് ശരിയായ ഏർപ്പാടല്ലെന്നായിരുന്നു രാജഗോപാലിന്റെ മറുപടി. ആക്രമണം നടത്തിയത് ബിജെപി പ്രവർത്തകരാണെന്ന് അവർ പറയുന്നതല്ലേ എന്നും അദ്ദേഹം തിരിച്ചുചോദിച്ചു.
എന്നാൽ, പരാജയഭീതി കൊണ്ടാണ് ബിജെപി ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് മുരളീധരൻ ആരോപിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്ന് ആയിരുന്നു രാജഗോപാലിന്റെ മറുപടി.
നേമത്തെ ബിജെപിയുടെ സിറ്റിങ് എംഎൽഎയാണ് രാജഗോപാൽ. ഇത്തവണ ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് നേമം. നിർണായകമായ വോട്ടെടുപ്പ് ദിവസമാണ് നേമത്തെ സംബന്ധിച്ച് രാജഗോപാലിന്റെ ശ്രദ്ധേയമായ പ്രതികരണം.
Discussion about this post