തൃശൂർ: തൃശൂർ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫിന് വിജയമുണ്ടാകുമെന്ന് കുന്ദംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്തീൻ. ഇത്തവണ വടക്കാഞ്ചേരിയിൽ നിന്ന് ഇടതുപക്ഷം വിജയിക്കുമെന്നും എസി മൊയ്തീൻ പറഞ്ഞു.
അനിൽ അക്കര വിവാദം ഉണ്ടാക്കിയാണ് പ്രചാരണം നടത്തുന്നത്. ഈ ജല്പനങ്ങൾ വിലപ്പോവില്ല. ഇത്തവണയും കഴിഞ്ഞ തവണയും കൃത്യസമയത്താണ് വോട്ട് ചെയ്തത്. അനാവശ്യ വിവാദങ്ങൾ ആണ് കഴിഞ്ഞ തവണ ഉണ്ടായതെന്നും എസി മൊയ്തീൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ് ആരംഭിക്കുന്ന സമയമായ രാവിലെ ആറ് മണിക്ക് മുമ്പ് എസി മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയെന്ന പരാതിയുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു. എന്നാൽ കൂടുതൽ അന്വേഷണത്തിൽ ഈ വാദം തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തുകയും വിവാദം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച പോളിങാണ് രേഖപ്പെടുത്തുന്നത്. രാവിലെ മുതൽ തന്നെ പോളിങ് ബൂത്തിലേക്ക് ജനം കൂട്ടത്തോടെ എത്തിക്കൊണ്ടിരിക്കുകയാണ്. നൂറ്റി നാൽപ്പത് മണ്ഡലങ്ങളിലും മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. രാവിലെ മുതൽ പല ബൂത്തിന് മുന്നിലും കനത്ത ക്യൂ രൂപപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് സമാനമായി തന്നെയാണ് ജനങ്ങളുടെ പങ്കാളിത്തം ഈ തെരഞ്ഞെടുപ്പിലും കാണാനാകുന്നത്.