ആലപ്പുഴ: കായംകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെതിരായ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് എഎം ആരിഫ് എംപി. പ്രാരാബ്ധവും ബുദ്ധിമുട്ടും പറഞ്ഞ് വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന രീതിയെയാണ് താന്‍ വിമര്‍ശിച്ചത്. അല്ലാതെ തൊഴിലാളികളെയല്ലെന്നും എഎം ആരിഫ് പറഞ്ഞു. ഇല്ലാത്ത വ്യാഖ്യാനമാണ് യുഡിഎഫ് പറയുന്നതെന്നും ആരിഫ് പ്രതികരിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി പാല് വിറ്റ് ഉപജീവനം നടത്തുന്ന ആളാണ്. അത് ഒരു മാനദണ്ഡമായി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെടണമെന്ന് യുഡിഎഫ് പ്രചരിപ്പിക്കുന്നത് ശരിയാണോ എന്നാണ് എന്റെ ചോദ്യം. അങ്ങനെയെങ്കില്‍ തൊട്ടടുത്ത ഹരിപ്പാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലോട്ടറി വിറ്റ് ഉപജീവനം നടത്തിയ ആളാണ്, ചായക്കടയില്‍ ചായ അടിച്ചുകൊടുത്ത ആളാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ സഖാവ് സജിലാലിന് വോട്ട് ചെയ്യാന്‍ യുഡിഎഫ് പറയുമോ എന്നും ആരീഫ് ചോദിച്ചു.
കായംകുളം എംഎല്‍എ പ്രതിഭയുടെ പ്രവര്‍ത്തനം വിലയിരുത്തണം. അതില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം. വിമര്‍ശിക്കണം. അല്ലാതെ പ്രതിഭക്കെതിരെ മത്സരിക്കുന്നത് ഒരു ക്ഷീരകര്‍ഷകയായതുകൊണ്ട് അതാണ് അര്‍ഹതയുടെ മാനദണ്ഡം എന്ന് അവതരിപ്പിക്കുന്നതിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും ആരിഫ് വിശദീകരിച്ചു.
പാല് സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത് എന്നായിരുന്നു ആരിഫിന്റെ പരാമര്‍ശം. ഇതാണ് വിവാദമായത്. ആരിഫ് എംപിയുടെ പരിഹാസം വിഷമമുണ്ടാക്കിയെന്ന് അരിത ബാബു പ്രതികരിച്ചിരുന്നു. തൊഴിലാളി വര്‍ഗത്തെയാണ് ആരിഫ് അപമാനിച്ചത്. ആരിഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അരിത ബാബു പറഞ്ഞു.
ആരിഫ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവത്തില്‍ എഎം ആരീഫ് എംപി വിശദീകരണം നല്‍കിയത്.
Discussion about this post