തിരുവനന്തപുരം: മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്താൻ യുഡിഎഫിനെ സഹായിക്കാമെന്ന് അറിയിച്ചെങ്കിലും പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച കെപിസിസി അധ്യക്ഷനെതിരെ എസ്ഡിപിഐ. കെപിസിസി അധ്യക്ഷ പദവിയിലിരുന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് വിമർശിച്ചു.
കെ സുരേന്ദ്രന്റെ നിയമസഭാ പ്രവേശനം തടയുന്നതിനാണ് എസ്ഡിപിഐ മഞ്ചേശ്വരത്ത് യുഡിഎഫ് പ്രതിനിധിക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചതെന്ന് അബ്ദുൾ ഹമീദ് പറയുന്നു. രാജ്യത്തെ തകർത്തുകൊണ്ടിരിക്കുന്ന സംഘപരിവാര ഫാസിസം സംസ്ഥാന നിയമസഭയിലെത്തുന്നത് കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പാർട്ടി തീരുമാനത്തിനു പിന്നിൽ. എന്നാൽ എസ്ഡിപിഐയുടെ വിഷയത്തിൽ കെ സുരേന്ദ്രനും മുല്ലപ്പള്ളിയും ‘ഒരമ്മ പെറ്റ മക്കളെ പോലെ’യാണ് മറുപടി പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്ഡിപിഐ പിന്തുണ സംബന്ധിച്ച് യുഡിഎഫ് നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ പറയേണ്ട താമസം മുല്ലപ്പള്ളിയിലെ സംഘി മനസ് സടകുടഞ്ഞെണീറ്റിരിക്കുന്നു. കേരളത്തിൽ താമര വിളയിക്കാനുള്ള ചെളിക്കുണ്ട് നിർമ്മിക്കുന്ന ജോലിയാണ് മുല്ലപ്പള്ളി ചെയ്യുന്നതെന്നും ഇത് സംസ്ഥാനത്തെ മതേതര മനസുകൾ തിരിച്ചറിയുന്നുണ്ടെന്ന് മുല്ലപ്പള്ളി മനസിലാക്കണമെന്നും അബ്ദുൾ ഹമീദ് വിമർശിച്ചു.
മതേതര ചിന്തയും ജനാധിപത്യ ബോധവും അൽപ്പമെങ്കിലും അവശേഷിക്കുന്ന കോൺഗ്രസ് നേതാക്കളുണ്ടെങ്കിൽ മുല്ലപ്പള്ളിയെ തിരുത്താൻ തയ്യാറാവണമെന്നും അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു.
Discussion about this post