ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും തള്ളി മുല്ലപ്പള്ളി; മഞ്ചേശ്വരത്ത് സിപിഎം വോട്ട് ചോദിച്ചതില്‍ ഉറച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാന്‍ മഞ്ചേശ്വരത്ത് സിപിഎം വോട്ട് ചോദിച്ച സംഭവത്തില്‍ ഉറച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ നിര്‍ത്തിയ സാഹചര്യത്തിലാണ് സിപിഎം വോട്ട് യുഡിഎഫിന് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതെന്ന് മുല്ലപ്പള്ളി വിശദീകരിച്ചു.

മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മിന്റെ പിന്തുണ തേടിയ മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി നേരത്തെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് മുല്ലപ്പള്ളി വിശദീകരിച്ചിരിക്കുന്നത്.

മഞ്ചേശ്വരത്ത് ജയിക്കാന്‍ യുഡിഎഫിന് ആരുടേയും പിന്തുണ വേണ്ടെന്നും ഏത് സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് കഴിവുണ്ടെന്നും അത് കഴിഞ്ഞ തവണ തെളിയിച്ചതാണെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരുന്നു. ആരുടേയും പിന്തുണ വേണ്ടെന്ന് വ്യക്തമാക്കിയ ഉമ്മന്‍ചാണ്ടി, മഞ്ചേശ്വരത്ത് ബിജെപിയെ യുഡിഎഫ് തോല്‍പ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Exit mobile version