തിരുവനന്തപുരം: ബിജെപിയെ നേമത്തും മഞ്ചേശ്വരത്തും പരാജയപ്പെടുത്താൻ എൽഡിഎഫുമായി നീക്കുപോക്കിന് തയാറാണെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിലെ ഘടകകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ലെന്ന് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
മുല്ലപ്പള്ളി ഏത് സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല. യുഡിഎഫ് മഞ്ചേശ്വരത്തും നേമത്തും ജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ ഘടകകക്ഷികളുമായിട്ടല്ലാതെ ഒരു സഖ്യവുമില്ലെന്ന് പറഞ്ഞ ചെന്നിത്തല സഖ്യമുണ്ടാക്കിയിരിക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലാണെന്നും ആരോപിച്ചു.
തുടർഭരണത്തിന് വേണ്ടി ബിജെപിയുമായി കൈകോർക്കുകയാണ് സിപിഎം എന്നും ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിന്റെ ഈ നിലപാട് തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും കാണാൻ കഴിയുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
നേരത്തെ, ബിജെപിയെ തോൽപിക്കാൻ യുഡിഎഫിന് കഴിവുണ്ടെന്നും അതിന് അരുടെയും പിന്തുണ വേണ്ടെന്നും വ്യക്തമാക്കി ഉമ്മൻ ചാണ്ടിയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണെന്നും ഇത്തവണയും അതുതന്നെ നടക്കുമെന്നും ഉമ്മൻ ചാണ്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
Discussion about this post