കണ്ണൂര്‍: തലശ്ശേരിയില്‍ ബിജെപി പിന്തുണ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന് തന്നെയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. മനഃസാക്ഷി വോട്ട് ചെയ്യാനുള്ള ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം മുരളീധരന് തള്ളി.
സിഒടി നസീറിന് വോട്ട് ചെയ്യാനാണ് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെ തന്നെയാണ്. ഒരു മനഃസാക്ഷിക്കുമല്ല വോട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് യാതൊരു ആശയകുഴപ്പവും ഇല്ലെന്നും മുരളീധരന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘ബിജെപിയില്‍ ജില്ലാ നേതൃത്വത്തെക്കാളും വലുതാണ് സംസ്ഥാന പ്രസിഡന്റ്. സംസ്ഥാന പ്രസിഡന്റ് പറഞ്ഞത് സിഒടി നസീറിന് വോട്ട് ചെയ്യാനാണ് അതിനപ്പുറം ഒന്നും പറയാനില്ല’ മുരളീധരന് പറഞ്ഞു.
തലശ്ശേരിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എതിരേ മനഃസാക്ഷിക്ക് വോട്ടുചെയ്യാനായിരുന്നു ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി നേതാവ് സിഒടി നസീര്‍ പിന്തുണ നിരസിച്ച സാഹചര്യത്തിലാണ് ബിജെപി ജില്ലാ നേതൃത്വം പുതിയ തീരുമാനമെടുത്തത്. ഈ തീരുമാനമാണിപ്പോള്‍ മുരളീധരന് തള്ളി പറഞ്ഞിരിക്കുന്നത്.
നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ഥി ഇല്ലാതായത്. കഴിഞ്ഞ തവണ കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവുമധികം വോട്ട് ലഭിച്ച മണ്ഡലമാണ് തലശ്ശേരി.
നേരത്തെ, എന്‍ഡിഎയുടെ പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍ തുറന്നു പറഞ്ഞിരുന്നു. എന്‍ഡിഎ പിന്തുണ പരസ്യമായും രേഖാമൂലവും ആവശ്യപ്പെടുകയും പിന്തുണ സ്വീകരിക്കുകയും ചെയ്തു നാലാം ദിവസമാണു നസീറിന്റെ മലക്കംമറിച്ചില്‍. സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും എന്‍ഡിഎ പിന്തുണയോട് എതിര്‍പ്പു പ്രകടിപ്പിച്ചതിനാലാണു തീരുമാനമെന്നും പ്രചാരണത്തിന് പ്രവര്‍ത്തകര്‍ ഇറങ്ങുന്നില്ലെന്നും നസീര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post