തലശ്ശേരി: തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായ സിഒടി നസീറിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത കെ സുരേന്ദ്രനെ തള്ളി ജില്ലാ നേതൃത്വം. മനസാക്ഷി വോട്ട് ചെയ്യാനാണ് ബിജെപി ജില്ലാ നേതൃത്വം വോട്ടർമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. തലശ്ശേരിയിൽ ബിജെപിയുടെ പിന്തുണ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചിരുന്നു.
എന്നാൽ എന്നാൽ ഇതിന് പിന്നാലെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞതല്ലാതെ ബിജെപി തങ്ങളുമായി സഹകരിക്കുന്നില്ലെന്നായിരുന്നു സിഒടി നസീറിന്റെ ആരോപണം. ബിജെപി സഹകരിക്കാത്ത പശ്ചാത്തലത്തിൽ പാർട്ടിയുടെ വോട്ട് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതോടെ, ‘തലശ്ശേരിയിൽ ബിജെപിയുടെ പിന്തുണ സിഒടി നസീറിനാണ്. അദ്ദേഹത്തിന് ബിജെപി പ്രവർത്തകർ വോട്ട് ചെയ്യും. പ്രചാരണത്തിൽ സജീവമാകു’മെന്ന സുരേന്ദ്രന്റെ വാക്കുകൾ പാഴാവുകയും ചെയ്തു.
വിവാദങ്ങൾ കൊഴുക്കുന്നതിനിടെ തലശ്ശേരിയിൽ മനസാക്ഷി വോട്ട് ചെയ്യാൻ പ്രവർത്തകർക്ക് നിർദേശം നൽകിയിരിക്കുകയാണ് ബിജെപി ജില്ലാ നേതൃത്വം. ബിജെപിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി ചുമതലയുള്ള വിനോദാണ് തലശ്ശേരിയിൽ മനസാക്ഷി വോട്ട് എന്നതാണ് ബിജെപിയുടെ നിലപാടെന്ന് വ്യക്തമാക്കിയത്.
സിഒടി നസീറിന് വോട്ട് ചെയ്യണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ തലശ്ശേരിയിലെ പ്രാദേശിക നേതൃത്വം കടുത്ത എതിർപ്പ് ഉയർത്തുകയും സിഒടി നസീറിന് വോട്ട് ചെയ്യില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും, നഗരസഭാ കൗൺസിലറും ആയിരുന്നു സിഒടി നസീർ.
എൽഡിഎഫ് സ്ഥാനാർത്ഥി എൻ ഷംസീർ പറയുന്നത് മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും ഒന്നിച്ചാൽ പോലും 50 ശതമാനം വോട്ട് തനിക്ക് ലഭിക്കുമെന്നാണ്. യുഡിഎഫ് സ്ഥാനാർത്ഥിയും തലശ്ശേരിയിൽ വലിയ ആത്മവിശ്വാസത്തിലാണ്.
2016ൽ കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ മണ്ഡലമാണ് തലശേരി. 22,125 വോട്ടുകളാണ് ബിജെപിക്ക് വേണ്ടി മത്സരിച്ച സജീവൻ അന്ന് ഇവിടെ നേടിയത്. ബിജെപി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായതിനാലാണ് ജില്ലാ പ്രസിഡന്റിനെ തന്നെ രംഗത്തിറക്കാൻ പാർട്ടി തീരുമാനിച്ചിരുന്നത്. പക്ഷെ എൻ ഹരിദാസിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളയുകയായിരുന്നു.