തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി വോട്ടുകൾ കോൺഗ്രസിന് പ്രതികൂലമായി മറിച്ചേക്കുമെന്ന നിരീക്ഷണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. കേരളത്തിൽ കോൺഗ്രസ് മുക്ത സർക്കാർ വരുന്നതിന് മാർക്‌സിസ്റ്റ് പാർട്ടിക്കനുകൂലമായി ബിജെപി വോട്ട് മറിച്ചേക്കുമെന്നാണ് ആന്റണി മുന്നറിയിപ്പ് നൽകുന്നത്.
കഴിഞ്ഞ ഏഴുവർഷമായി കോൺഗ്രസ് മുക്തഭാരതത്തിനാണ് നരേന്ദ്രമോഡിയും അമിത് ഷായും ശ്രമിക്കുന്നത്. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ മാർക്‌സിസ്റ്റ് പാർട്ടിക്കനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏതുനിമിഷവും ബിജെപി പ്രവർത്തകർക്ക് ന്യൂഡൽഹിയിൽ നിന്നു കൽപ്പന ലഭിക്കും. പ്രത്യുപകാരമായി മാർക്‌സിസ്റ്റ് പാർട്ടിയും വോട്ടുമറിച്ചേക്കും. ഈ കൊടുംചതി തിരിച്ചറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ ജാഗ്രതയോടെയിരിക്കണമെന്നും എകെ ആന്റണി തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഭരണമാറ്റത്തിന് വേണ്ടിയുള്ള കാറ്റ് ശക്തമായി വീശുകയാണ്. ആ കൊടുങ്കാറ്റിൽ പിണറായി ഭരണം ആടിയുലയും. യുഡിഎഫ്. സർക്കാർ അധികാരത്തിൽ വരുമെന്നും ആന്റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.