തിരുവനന്തപുരം: ഇന്ധനവില വര്‍ധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ധര്‍മ്മസങ്കടത്തിലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. ഇന്ധനവില വര്‍ധിച്ചെങ്കിലും കേന്ദ്രത്തിന് ലഭിക്കുന്ന വിഹിതത്തില്‍ വര്‍ധന ഉണ്ടായിട്ടില്ല.
നികുതി നിശ്ചിതമാണ്. അതില്‍ വ്യത്യാസമില്ല. ഇന്ധനത്തിന്റെ കേന്ദ്ര-സംസ്ഥാന നികുതികളില്‍ കൂടുതല്‍ പണം ലഭിക്കുന്നത് സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്. എന്നാല്‍, ഇന്ധനവില കുറയ്ക്കാത്തതെന്തെന്ന ചോദ്യം കേന്ദ്രസര്‍ക്കാറിന് നേര്‍ക്കുമാത്രമാണ് ഉയരുന്നത്. എന്തുകൊണ്ട് സംസ്ഥാന നികുതിയെ സംബന്ധിച്ച് ആരും ചോദിക്കുന്നില്ല.
ബംഗാളില്‍ ഇടതുപക്ഷത്തെ തൂത്തെറിഞ്ഞ് അധികാരത്തിലേറിയ മമത ഇടതുഭരണത്തിലെ അക്രമവും അഴിമതിയും അതേപടി പിന്തുടരുകയാണ്. അഴിമതിയില്‍ കേരളവും ബംഗാളും പരസ്പരം അനുകരിക്കുകയാണ്. ഇവിടെ സ്വര്‍ണം കടത്തിയെങ്കില്‍ അവിടെ കല്‍ക്കരി കടത്താണ്. അവിടെ മമതയെ തോല്പിച്ച് എന്‍ഡിഎ അധികാരത്തിലേറും.
ഇതുപോലൊരു മാറ്റമാണ് കേരള ജനതയും ആഗ്രഹിക്കുന്നത്. പാര്‍ലമെന്റില്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരു പ്രതിനിധി പോലുമില്ല. പക്ഷേ, അതിന്റെ യാതൊരു കുറവും കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടില്ല. അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കേരളത്തില്‍ അഴിമതിയിലും ന്യൂനപക്ഷ പ്രീണനത്തിലും എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുകയാണെന്നും നിര്‍മ്മല സിതാരാമന് പറഞ്ഞു. കേരള ജനത ഈ രണ്ട് മുന്നണികളില്‍ നിന്നും രക്ഷപെടാന്‍ ആഗ്രഹിക്കുന്നു. എന്‍ഡിഎയില്‍ അവര്‍ ബദല്‍ കാണുന്നുണ്ടെന്നും നിര്‍മ്മല സീതാരാമന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പില്‍ സൗഹൃദ മത്സരത്തിലാണ്. കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ബി ടീം ആയിരിക്കുകയാണ്. യാതൊരു വ്യത്യാസവും ഇല്ലാതെ ഇവരുടെ ശൈലി ജനം മടുത്തിരിക്കുന്നു.
Discussion about this post