കണ്ണൂര്‍: ഒരുമാസം നീണ്ട പരസ്യപ്രചാരണത്തിന് ആവേശോജ്ജ്വല സമാപനം. ധര്‍മ്മടത്ത് ചെങ്കടലാക്കി ആവേശം നിറച്ചായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്റെ റോഡ് ഷോ. മണിക്കൂറുകള്‍ നീണ്ട റോഡ് ഷോയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. Assembly
ധര്‍മടം മണ്ഡലത്തില്‍ ഇന്ദ്രന്‍സ്, മധുപാല്‍, ഹരിശ്രീ അശോകന് തുടങ്ങി കലാ-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ റോഡ് ഷോയില്‍ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുത്തു.
രണ്ടരയ്ക്ക് ആരംഭിച്ച റോഡ് ഷോ ഏഴോടെ ധര്‍മ്മടത്ത് അവസാനിച്ചു. കൊവിഡ് പ്രൊട്ടോക്കോളും ഇലക്ഷന് കമ്മീഷന് നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി കോഴിക്കോട്ട് റോഡ് ഷോയില്‍ പങ്കെടുത്തു. കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ റോഡ് ഷോ നടത്തിയത്. നിരവധി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത്.
ഒപ്പത്തിനൊപ്പം എന്ന് വരുത്തി അണികളില്‍ ആത്മവിശ്വാസം പകരാനാണ് യുഡിഎഫ് മാധ്യമങ്ങളിലൂടെ ശ്രമിക്കുന്നത്. എന്നാല്‍, കണക്കുകൂട്ടലുകള്‍ പിഴക്കില്ലെന്ന വ്യക്തമായ സൂചനകളാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. ഇതിനെല്ലാം പുറമെയാണ് ഭരണത്തുടര്‍ച്ചയെന്ന പൊതുവികാരം.
മത്സരക്കളം കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമോ പ്രവചനാതീതമോ അല്ല എന്നതാണ് അന്തിമ ലാപ്പ് വരച്ചുകാട്ടുന്നത്. രാഹുലും പ്രിയങ്കയും കേരളത്തില്‍ തമ്പടിച്ച് പ്രചാരണം നടത്തുന്നതുതന്നെ യുഡിഎഫിന് ആത്മവിശ്വാസം ചോരുന്നതിന് തെളിവാണ്. രമേശ് ചെന്നിത്തലയും മറ്റും പ്രചരിപ്പിക്കുന്ന കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഇംഗ്ലീഷില്‍ ഏറ്റുപറയുകയാണ് രാഹുലും പ്രിയങ്കയും ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കം കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും മാറിമാറി വന്നുപോയിട്ടും ചുരുക്കം ചില മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപി മത്സരക്കളത്തില്‍. മൂന്ന് മണ്ഡലത്തില്‍ പരസ്യമായ ബിജെപി, യുഡിഎഫ് വോട്ടുകച്ചവടം അവസാന ഘട്ടമായപ്പോള്‍ നിരവധി മണ്ഡലങ്ങളിലേക്ക് വ്യാപിച്ചു. നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും പരസ്പരം വിമര്‍ശിക്കാതെ സിപിഐ എമ്മിനെമാത്രം കടന്നാക്രമിച്ചതും ഇതിന് തെളിവാണ്.
കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന ആള് എന്ന നിലവാരത്തിലേക്ക് നരേന്ദ്ര മോഡി ഉയര്‍ന്നില്ലെന്ന അഭിപ്രായം ബിജെപി അണികള്‍ക്കിടയില്‍ത്തന്നെ ഉയര്‍ന്നിട്ടുണ്ട്.
photo courtesy: Mathrubhumi
Discussion about this post