കണ്ണൂർ: കേരളത്തിന്റെ കടം വർധിച്ചുവരികയാണെന്നും സംസ്ഥാനം കടക്കെണിയിലുമാണെന്ന പ്രതിപക്ഷ ആരോപണത്തിന് കണക്കുകൾ വിശദീകരിച്ച് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിനും പിന്നിലാണ് കേരളത്തിന്റെ കടമെന്ന് മുഖ്യമന്ത്രി റിസർവ് ബാങ്ക് പ്രസിദ്ധീകരണം ഉയർത്തിക്കാണിച്ച് മറുപടി നൽകി.
നുണകളുടെ ചീട്ടുകൊട്ടാരം നിർമ്മിക്കുന്ന വാസ്തുശിൽപികളായി പ്രതിപക്ഷം മാറിയിരിക്കുകയാണ്. അവർക്ക് ഈ കണക്കുകൾ മറുപടി നൽകുമെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.
യുഡിഎഫ് 2008-2006ൽ അധികാരം വിട്ടൊഴിഞ്ഞപ്പോൾ കേരളത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 35 ശതമാനമായിരുന്നു. പിന്നീട് വന്ന എൽഡിഎഫ് സർക്കാർ 2011ൽ അധികാരമൊഴിഞ്ഞപ്പോൾ ഇത് 31.8 ശതമാനമായി കുറഞ്ഞു. പിന്നീട് ആഭ്യന്തര വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വർഷം കണക്കാക്കിയതിൽ വ്യത്യാസം വന്നപ്പോൾ കടത്തിന്റെ അനുപാതം കുറഞ്ഞു. യുഡിഎഫ് 2015-16ൽ അധികാരമൊഴിഞ്ഞപ്പോൾ ധാരാളം ബാധ്യതകൾ മാറ്റിവെക്കുകയുണ്ടായി. ഈ ബാധ്യതകളെല്ലാം ഏറ്റെടുത്ത ശേഷവും 201617 ൽ കടം ആഭ്യന്തര വരുമാനത്തിന്റെ 30.2 ശതമാനമായി മാത്രമേ വർധിച്ചിട്ടുള്ളൂ. നുണകളുടെ ചീട്ടുകൊട്ടാരം നിർമ്മിക്കുന്ന വാസ്തുശിൽപികളായി പ്രതിപക്ഷം മാറിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘സ്റ്റേറ്റ് ഫൈനാൻസസ് സ്റ്റഡി ഓഫ് ബഡ്ജറ്റ് എന്ന റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണത്തിൽ 201920 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 31.2 ശതമാനമാണ്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 33.1 ശതമാനമാണ്. പഞ്ചാബിൽ 40.3 ശതമാനമാണ്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ 34 ശതമാനമാണ്. പശ്ചിമബംഗാളിൽ 37.1 ഉം ബിഹാറിൽ 31.9 ശതമാനവുമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ കേരളം കടക്കെണിയിലാണെന്നത് വ്യാജപ്രചാരണമാണെന്ന് എല്ലാവർക്കും ബോധ്യമാകും’,-മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ ശക്തമായി ഇടപെടുന്നില്ലെന്ന് നേരത്തെ രാഹുൽ ഗാന്ധി മോഹം പറഞ്ഞിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെ അദ്ദേഹം വിമർശിക്കുന്നുണ്ട്. എന്നാൽ ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഒരേ നിലപാടാണ് ഉള്ളതെന്നും പിണറായി കൂട്ടിച്ചേർത്തു.
Discussion about this post