കോതമംഗലം: എൽഡിഎഫിന് പൂർണ്ണപിന്തുണ പ്രഖ്യാപിച്ച് യാക്കോബായ സഭ. യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കത്തിൽ എൽഡിഎഫ് സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ ഇടപെടൽ നീതി പൂർവ്വമായിരുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് തോമസ് പ്രഥമൻ ബാവ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പിൽ പൂർണപിന്തുണ അറിയിച്ചത്. എതിർ സ്ഥാനാർത്ഥികൾ സഭാ വിശ്വാസികളാണെങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കണമെന്ന് വിശ്വാസികളോട് യാക്കോബായ നേതൃത്വം നിർദേശം നൽകിയിരിക്കുകയാണ്.
തോമസ് പ്രഥമൻ ബാവയുടെയും യാക്കോബായ നേതൃത്വത്തിന്റെയും ഇടത് പക്ഷത്തെ പിന്തുണക്കാനുള്ള തീരുമാനത്തിൽ കോതമംഗലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ബിഗ്ന്യൂസിനോട് പൂർണ്ണ സന്തോഷം പ്രകടിപ്പിച്ചു. കോതമംഗലം മണ്ഡലത്തിൽ ഇത് ഇടത് സ്ഥാനാർഥിയായ ആന്റണി ജോണിന്റെ വിജയ സാധ്യത കൂട്ടുന്നതായി ഈ തീരുമാനം.
മണ്ഡലത്തിൽ നല്ല സ്വാധീനമുള്ള യാക്കോബായ സഭയുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ കഴിഞ്ഞ വർഷത്തെ പത്തൊൻപതിനായിരം എന്ന ഭൂരിപക്ഷം ഇരട്ടിയാക്കാൻ പറ്റുമെന്ന ആത്മവിശ്വാസത്തിൽ ആണ് ഇടത് കേന്ദ്രങ്ങൾ.
പള്ളി തർക്കത്തിൽ പിണറായി നടത്തിയ ഇടപെടൽ വിസ്മരിക്കാനാകില്ലെന്നാണ് സഭയുടെ നിലപാട്. പരമ്പരാഗതമായി യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്ന യാക്കോബായ സഭ ഇത്തവണ എൽഡിഎഫിന് ഒപ്പമാണെന്ന് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ രംഗത്ത് തന്നെ വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഓർത്തോഡോക്സ് യാക്കോബായ സഭാ തർക്കത്തിൽ ഇരുവരെയും ഒരുമിപ്പിച്ച് കൊണ്ടു പോകാൻ നിരന്തര ശ്രമമാണ് മുഖ്യമന്ത്രിയുടെയും ഇടത് സർക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന സർക്കാരിന് കൂടുതൽ ‘ഉറപ്പ് ‘ നൽകുകയാണ് യാക്കോബായ സഭയുടെ ഈ നിലപാട്.
Discussion about this post