കണ്ണൂര്‍: ബിജെപിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിന് കാരണം മതനിരപേക്ഷത തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നേമത്ത് കഴിഞ്ഞ തവണ ബിജെപി തുറന്ന അക്കൗണ്ട് ഇത്തവണ എല്‍ഡിഎഫ് ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളം മതനിരപേക്ഷതയുടെ നാടാണ്. അതുകൊണ്ടു തന്നെ നാടിനെ വര്‍ഗീയമായി ചേരിതിരിക്കാനും മതാന്ധതയിലേക്ക് തള്ളിവിടാനും ആര്‍എസ്എസ് നടത്തിയ നീക്കം ഒരു ഘട്ടത്തിലും ഇവിടെ വിജയിപ്പിക്കാനായിട്ടില്ല. അതിനെതിരെ നിതാന്ത ജാഗ്രത കേരളത്തില്‍ പൊതുവില്‍ മതനിരപേക്ഷ ശക്തികള്‍ പാലിച്ചിട്ടുണ്ട്. അതിന്റെ മുന്‍പന്തിയില്‍ ഇടതുപക്ഷം നിന്നിട്ടുണ്ട്.
ഇടതുപക്ഷം തീര്‍ക്കുന്ന ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായാണ് ആര്‍എസ്എസിനും ബിജെപിക്കും കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ കഴിയാതെ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരിടത്ത് വിജയിക്കുമെന്ന് പറയാന്‍ കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റില്ല. കോണ്‍ഗ്രസും യുഡിഎഫും സഹായിച്ചതു കൊണ്ടാണ് ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് തുടങ്ങാനായത്. നേമത്ത് കഴിഞ്ഞ തവണ ബിജെപി തുറന്ന അക്കൗണ്ട് ഇത്തവണ എല്‍ഡിഎഫ് ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അദാനിയുമായി പുതിയ കരാറുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. പുതിയ കരാറുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് അത് പുറത്ത് വിടട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുകയാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനവുമായാണ് കെ.എസ്.ഇ.ബിക്ക് കരാര്‍. അദാനിയുമായി കരാറില്ലെന്ന് കെ.എസ്.ഇ.ബി. ചെയര്മാന് തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post