ഇരട്ട വോട്ടിന് ശ്രമിച്ചാല്‍ ക്രിമിനല്‍ കേസ്: ഇരട്ടവോട്ടുള്ളവര്‍ സത്യവാങ്മൂലം നല്‍കണം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ടവോട്ട് തടയാന്‍ മാര്‍ഗനിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരട്ടവോട്ട് ചെയ്തതായി കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയാണ് നടപടി.

ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം തയ്യാറാക്കിയിരിക്കുന്നത്. ഇരട്ട വോട്ട് തടയുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്.

ഒന്നിലേറെ വോട്ടിന് ശ്രമിച്ചാല്‍ ക്രിമിനല്‍ നടപടി പ്രകാരം കേസ് എടുക്കും. ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പിട്ട് കേസെടുക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദ്ദേശം.

ഇരട്ടവോട്ടുള്ളയാള്‍ എത്തിയാല്‍ ഒപ്പും പെരുവിരല്‍ അടയാളവും എടുക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഇരട്ടവോട്ടുകളുടെ പട്ടിക അതത് വരണാധികാരികള്‍ക്ക് കൈമാറണം.

ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന സത്യവാങ്മൂലം വാങ്ങണം. ഇരട്ടവോട്ടുള്ളവരുടെ ഫോട്ടോ എടുക്കുകയും സൂക്ഷിക്കുകയും വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കും കൈമാറും.

Exit mobile version