ബിജെപി നേതാവിന്റെ കാറില്‍ വോട്ടിങ് യന്ത്രം കണ്ടെത്തിയ സംഭവം; വീണ്ടും വോട്ടെടുപ്പ് നടത്തും

ഗുവാഹാത്തി: ബിജെപി നേതാവിന്റെ കാറില്‍ വോട്ടിങ് യന്ത്രം കണ്ടെത്തിയ സംഭവത്തില്‍ അസമിലെ രതബാരി നിയോജക മണ്ഡലത്തിലെ 149ാം ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കൃഷ്‌ണേന്ദു പാലിന്റെ കാറില്‍ നിന്നാണ് കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം കണ്ടെത്തിയത്.

അതേസമയം സംഭവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. വ്യാഴാഴ്ചയാണ് അസമില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടന്നത്. കൃഷ്‌ണേന്ദു പാലിന്റെ കാറില്‍ നിന്ന് വോട്ടിങ് മെഷീന്‍ കണ്ടെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ മണ്ഡലം ഉള്‍പ്പെടുന്ന കരീംഗഞ്ച് ജില്ലയില്‍ വ്യാപകമായ അക്രമങ്ങള്‍ നടന്നിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പടെയുളള പാര്‍ട്ടികള്‍ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ തെളിവാണ് സംഭവമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുളളവര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. അസമില്‍ വിജയിക്കാന്‍ വോട്ടിങ് മെഷീന്‍ പിടിച്ചെടുക്കലും ബൂത്ത് പിടിച്ചെടുക്കലും പോലുള്ള വഴികളെ ബി.ജെ.പിക്ക് മുന്‍പിലുള്ളു എന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പ്രതികരിച്ചു.

അതേസമയം സംഭവത്തില്‍ അട്ടിമറി ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കാറില്‍ വോട്ടിങ് മെഷീനുകള്‍ സ്‌ട്രോങ് റൂമിലേക്ക് കൊണ്ടുപോകുന്നതിനിടെ കാറ് കേടായെന്നും തുടര്‍ന്ന് അതിലെ വന്ന സ്വകാര്യ വാഹനത്തില്‍ വോട്ടിങ് മെഷീന്‍ മാറ്റുകയുമായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് സ്ഥാനാര്‍ഥിയുടെ വാഹനമാണെന്ന് അറിയില്ലായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Exit mobile version