വാഷിങ്ടൺ: അമേരിക്കയിലെ ആർഎസ്എസ്-സംഘപരിവാർ അനുകൂല സംഘടനകൾക്ക് കോടികൾ സഹായം നൽകി യുഎസ്. വിശ്വഹിന്ദു പരിഷത്തുൾപ്പെടെ അഞ്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾക്കാണ് കോടികൾ കോവിഡ് സഹായ പാക്കേജായി നൽകിയിരിക്കുന്നതെന്നാണ് വിവരം. 833,000 ഡോളർ (6 കോടി) ആണ് അമേരിക്ക അഞ്ച് ആർഎസ്എസ് പോഷക ഗ്രൂപ്പുകൾക്കായി നൽകിയതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
മസാചുസെറ്റ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിശ്വഹിന്ദു പരിഷത്തിനാണ് ഫെഡറൽ ഏജൻസിയുടെ സഹായം ലഭിച്ചിരിക്കുന്നത്. 150,000 ഡോളറാണ് വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയ്ക്ക് ലഭിച്ചത്. ആർഎസ്എസിന്റെ പോഷക സംഘടനയാണ് വിശ്വഹിന്ദു പരിഷത്ത്.
യുണൈറ്റ്ഡ് സ്റ്റേറ്റ്‌സ് സ്മാൾ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചെറുകിട ബിസിനസുകളെയും, സംരംഭകരെയും സഹായിക്കുന്നതിനുള്ള ഫെഡറൽ ഏജൻസിയായ എസ്ബിഎയാണ് ആർഎസ്എസ് അനുകൂല സംഘടനകൾക്ക് കോവിഡ് ആശ്വാസ പാക്കേജുകൾ നൽകിയിരിക്കുന്നത്.
അമേരിക്കയിലെ വിശ്വഹിന്ദു പരിഷത്തിന് 23 ഓളം ബ്രാഞ്ചുകൾ ഉണ്ട് എന്നും അൽജസീറ റിപ്പോർട്ടു ചെയ്യുന്നു. ഇന്ത്യയിലെ വിശ്വഹിന്ദു പരിഷത്തുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ല എന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ അമേരിക്കൻ ഘടകം പറയുന്നതെങ്കിലും ഈ രണ്ടു സംഘടനകളുെ ഒരേ ആശയത്തിൽ പ്രവർത്തിക്കുന്നവരാണെന്നാണ് വെബ് സൈറ്റിൽ ലഭ്യമായിട്ടുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്.
വിശ്വഹിന്ദു പരിഷത്തിന് പുറമെ ആർഎസ്എസ് അംഗീകൃത സംഘടനയായ ഏകൽ വിദ്യാലയ ഫൗണ്ടേഷൻ ഓഫ് യുഎസ്എയ്ക്ക് 7000 ഡോളറാണ് ലഭിച്ചിരിക്കുന്നത്. 64,462 ഡോളറിന്റെ ലോണും ഇവർക്ക് ലഭിച്ചിട്ടുണ്ട്.
ആർഎസ്എസുമായി ബന്ധമുള്ള ഇൻഫിനിറ്റി ഫൗണ്ടേഷൻ, സേവ ഫൗണ്ടേഷൻ എന്നിവയ്ക്കും സഹായം ലഭിച്ചിട്ടുണ്ട്. അമേരിക്കയിൽ പ്രവർത്തിക്കുന്ന ഹിന്ദു അമേരിക്കൻ ഫൗണ്ടേഷന് 378,064 ഡോളറും ഫെഡറൽ ഏജൻസി സഹായമായി നൽകിയിട്ടുണ്ട്.
Discussion about this post