മട്ടന്നൂർ: ഈയടുത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ പാചകം ചെയ്യുമോ എന്ന ചോദ്യം തനിക്ക് നേരെ ഉയർന്നപ്പോൾ ദേഷ്യം വന്നെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ട്രൂകോപ്പി തിങ്കിൽ മാധ്യമപ്രവർത്തകൻ ഹർഷൻ നടത്തിയ അഭിമുഖത്തിലാണ് കെകെ ഷൈലജ അനുഭവം തുറന്നു പറഞ്ഞത്.
‘കഴിഞ്ഞ ദിവസം ഒരു മീഡിയ വന്ന് എന്നോട് ചോദിച്ചു. എങ്ങനെയാണ് കുക്കിങ്ങ് ഒക്കെ, നന്നായി കുക്ക് ചെയ്യാൻ അറിയാമോ എന്ന്. എനിക്ക് ദേഷ്യം വന്നു. ഞാൻ പറഞ്ഞു ഒരു പുരുഷ സ്ഥാനാർത്ഥിയോട് ചെന്നിട്ട് കുക്കിങ്ങ് എങ്ങനെ, കുക്ക് ചെയ്യാൻ ഇഷ്ടമുണ്ടോ എന്ന് ചോദിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഞാൻ പറഞ്ഞു ഭക്ഷണം കഴിക്കണമെങ്കിൽ ആരെങ്കിലും കുക്ക് ചെയ്യണം. സ്ത്രീകൾ മാത്രമേ കുക്കിങ്ങിൽ സമർത്ഥരാവാവൂ എന്ന ആ ഒരു പാട്രിയാർക്കൽ ശേഷിപ്പ് അറിയാതെ ഈ സമൂഹത്തിന്റെ മനസ്സിലുണ്ട്. അതുപോലെ തന്നെയാണ് സ്ത്രീയും പുരുഷനും അടുത്ത് വന്നാൽ ആപത്തല്ലേ എന്ന് കരുതുന്നതും,’ കെകെ ഷൈലജ പറഞ്ഞു.
മുന്നണിയിൽ സ്ത്രീവിരുദ്ധർ ഉണ്ടെന്ന് പൂർണ്ണമായും പറയാൻ കഴിയില്ലെന്നും പക്ഷേ എല്ലാവരുടെയും ഉള്ളിൽ ഒരു പാട്രിയാർക്കൽ മനോഭാവത്തിന്റെ ബാക്കിശേഷിപ്പുണ്ട് എന്ന് തോന്നിപ്പിക്കുന്ന ചില സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കെകെ ശൈലജ തുറന്നു പറയുന്നു.
അതുകൊണ്ടാണ് നിയമസഭയിലൊക്കെ സ്ത്രീകളെക്കുറിച്ച് പരാമർശിക്കുമ്പോൾ പലപ്പോഴും തനിക്ക് രോഷം കൊണ്ട് ലഹള കൂടേണ്ടതായി വന്നിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post