തലശ്ശേരി: തലശ്ശേരിയില്‍ ബിജെപിയുടെ പിന്തുണ വേണ്ടെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിഒടി നസീര്‍. പത്രിക തള്ളിയതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലാതായിരുന്നു. തുടര്‍ന്ന് സിഒടി നസീറിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ ആ പിന്തുണ തനിക്ക് വേണ്ടെന്നാണ് നസീര്‍ പറയുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കാസര്‍കോട് വെച്ച് പിന്തുണ പ്രഖ്യാപിച്ചുവെന്നല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റോ ഒരു പിന്തുണയും നല്‍കിയിട്ടില്ലെന്നും നസീര്‍ പറഞ്ഞു.
തടിയൂരാന്‍ വേണ്ടിയാണ് ബിജെപി എനിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അത് വര്‍ഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നസീര്‍ വ്യക്തമാക്കി.
എന്നാല്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബിജെപി സഹകരിക്കുന്നില്ലെന്നാണ് സിഒടി നസീറിന്റെ പരാതി. ബിജെപിയുടെ പിന്തുണ പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങിയെന്നും അതിനപ്പുറത്തേയ്ക്ക് ഒന്നും ഉണ്ടായില്ലെന്നും സിഒടി നസീര്‍ കുറ്റപ്പെടുത്തി.
എസ്ഫ്ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നസീര്‍ 2017-ലാണ് സിപിഎം വിട്ടത്. സിപിഎം തലശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായിട്ടുണ്ട്. ബിജെപിക്ക് കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച മണ്ഡലമാണ് തലശ്ശേരി.