അക്കാലത്ത് ഞാനൊരു മണ്ടനായിരുന്നു; കെഎസ്‌യുക്കാരനായി, പിന്നെ എസ്എഫ്‌ഐയിലും എബിവിപിയിലും പോയി; ശാഖയിൽ പോയിട്ടില്ലെന്നും ശ്രീനിവാസൻ

കൊച്ചി: തന്റെ ചെറുപ്പകാലത്ത് ആർഎസ്എസ് ശാഖയിൽ പോയിരുന്നുവെന്ന വി പ്രഭാകരന്റെ പ്രസ്താവന തള്ളി നടൻ ശ്രീനിവാസൻ. മട്ടന്നൂർ കോളേജിൽ പഠിക്കുന്ന കാലത്ത് ശ്രീനിവാസൻ ശാഖയിൽ പോയിരുന്നുവെന്നായിരുന്നുവെന്ന് വി പ്രഭാകരൻ ‘അംബേദ്കറൈറ്റ് മുസ്‌ലീം ജീവിതം പോരാട്ടം’ എന്ന പുസ്തകത്തിലാണ് പരാമർശിച്ചിരിക്കുന്നത്. എന്നാൽ മട്ടന്നൂർ കോളേജിൽ പഠിക്കുമ്പോൾ തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ശ്രീനിവാസൻ പറഞ്ഞത്.

‘അക്കാലത്ത് ഞാനൊരു മണ്ടനായിരുന്നു. കൂട്ടുകാർ പറയുന്നതിനനുസരിച്ച് ചാടികളിച്ച കാലമാണിത്. ഇഷ്ടമുള്ള ആളുകൾ കെഎസ്‌യുവിൽ ഉണ്ടായിരുന്നു. അപ്പോൾ അവരോടൊപ്പം കെഎസ്‌യുക്കാരനായി. അതുപോലെ എസ്എഫ്‌ഐ, എബിവിപി തുടങ്ങിയ വിദ്യാർത്ഥി സംഘടനകളിലും പോയി’, ശ്രീനിവാസൻ പറഞ്ഞു.

അരാഷ്ട്രീയ വാദം ഉയർത്തിയ ശ്രീനിവാസൻ ട്വന്റി ട്വന്റിക്ക് പരസ്യ പിന്തുണ അറിയിക്കുകയും പാർട്ടിയിൽ ചേരുകയും ചെയ്തിരുന്നു. കേരളം ട്വന്റി ട്വന്റി മോഡൽ ആകണമെന്നും കേരളത്തിൽ ട്വന്റി ട്വന്റി അധികാരത്തിൽ എത്തുന്ന ഒരു ദിവസം വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമ്പത്തില്ലാത്തവന്റെ കൈയ്യിൽ അധികാരവും സമ്പത്തും ഒരുമിച്ച് വരുമ്പോൾ വഴിതെറ്റുകയാണെന്നും നിലവിലെ രാഷ്ട്രീയത്തിൽ ഒരു പ്രതീക്ഷയുമില്ല അതിനാലാണ് ട്വന്റി ട്വന്റിയിൽ ചേർന്നതെന്നും ശ്രീനിവാസൻ പറഞ്ഞിത് ഏറെ വിവാദമായിരുന്നു.

Exit mobile version