തിരുവനന്തപുരം: ചാരായ നിരോധനം കേരള സമൂഹത്തിന് ഏറ്റവും ഗുണകരമായെന്ന് ചാരായ നിരോധനത്തിന്റെ 25ാം വാർഷികത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. ചാരായ നിരോധനം കേരളത്തിന് ഗുണമായെന്ന് എല്ലാവർക്കും സമ്മതിക്കേണ്ടിവന്നെന്ന് എകെ ആന്റണി പറഞ്ഞു.
ചാരായ നിരോധനം പിൻവലിക്കുമെന്ന് പറഞ്ഞ എൽഡിഎഫ് പലവട്ടം അധികാരത്തിൽ വന്നിട്ടും നടപ്പാക്കാനായില്ലെന്നും ആന്റണി പറഞ്ഞു. 25 വർഷം മുമ്പ് ഇന്നേ ദിവസമാണ് എകെ ആന്റണി സർക്കാർ ചാരായ വാറ്റും വിൽപ്പനയും നിരോധിച്ചത്.
ജനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് മനസിലാക്കിയാണ് ഇടതുമുന്നണി ചാരായ നിരോധനം പിൻവലിക്കാത്തത്. ചാരായ നിരോധനം പിൻവലിക്കുമെന്ന് ഒരു ഉറപ്പും ഇടതുമുന്നണി ഇപ്പോൾ നൽകുന്നില്ലെന്നും എകെ ആന്റണി പറഞ്ഞു.
‘കേരള സമൂഹത്തോട് താൻ ചെയ്ത ഏറ്റവും നല്ല കാര്യമാണ് ചാരായ നിരോധനം. സ്ത്രീകളുടെ കണ്ണുനീര് കണ്ടാണ് ചാരായം നിരോധിക്കാൻ തീരുമാനിച്ചത്’. നിരോധനത്തിന്റെ 25ാം വാർഷികത്തിന് താൻ സന്തോഷം രേഖപ്പെടുത്തുന്നുവെന്ന് എകെ ആന്റണി പറഞ്ഞു.