കണ്ണൂർ: സംസ്ഥാനത്ത് 1991 ലെ കോൺഗ്രസ്-ലീഗ്-ബിജെപി ബന്ധത്തിന് ശേഷം 2001 ലും ബിജെപിയുമായി കോൺഗ്രസും ലീഗും വോട്ട് ധാരണയ്ക്ക് വന്നിരുന്നതായി ബിജെപി നേതാവ് സികെ പത്മനാഭൻ. കാസർകോട് വെച്ചാണ് ചർച്ച നടന്നതെന്നും കുഞ്ഞാലിക്കുട്ടിയും കെഎം മാണിയുമാണ് ചർച്ചയ്ക്ക് എത്തിയതെന്നും പത്മനാഭൻ തുറന്നുപറഞ്ഞു. താനും പിപി മുകുന്ദനും വേദപ്രകാശ് ഗോയലും ചർച്ചയിൽ പങ്കെടുത്തുവെന്നും സികെ പദ്മനാഭൻ സ്വകാര്യമാധ്യമത്തോട് വെളിപ്പെടുത്തി.
‘കോൺഗ്രസുകാർ ബിജെപി വോട്ടുകൾക്കായി ശ്രമം നടത്താറുണ്ട്. 1991 ൽ താൻ കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു. മാരാർജി മഞ്ചേശ്വരത്ത് നിയമസഭ സീറ്റിൽ സ്ഥാനാർത്ഥിയിയാരുന്നു. അന്ന് കോൺഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങൾക്ക് വിവരം കിട്ടി. അപ്പോൾ മാരാർജി ജയിക്കും. ഞങ്ങൾക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങൾ എല്ലാം മാറി.’- സികെ പത്മനാഭൻ പറഞ്ഞു.
‘കോൺഗ്രസ് ഒരു മാരീചനാണ്. കോൺഗ്രസുകാർ ഞങ്ങളെ പറ്റിക്കുകയായിരുന്നു. കോൺഗ്രസിന് ബിജെപിയെ സ്വാധീനിക്കാൻ കഴിയുന്ന കാലം കഴിഞ്ഞു. 2001 ലെ തെരഞ്ഞെടുപ്പിൽ ഞാൻ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാണ്. അന്ന് കോൺഗ്രസും ലീഗും വീണ്ടും സഖ്യത്തിനായി വന്നു. മാണി സാർ, കുഞ്ഞാലിക്കുട്ടി, പിപി മുകുന്ദൻ, ബിജെപിയുടെ കേരള ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയൽ എന്നിവർ യോഗം ചേർന്നു. സിപിഎം വിരുദ്ധ വോട്ടുകളിലായിരുന്നു അവരുടെ ലക്ഷ്യം’,-സികെ പദ്മനാഭൻ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
കോൺഗ്രസിനും ലീഗിനും ഞങ്ങളുടെ വോട്ട് വേണമായിരുന്നു. ഇങ്ങനെ സമീപിക്കുന്നതിൽ അവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പക്ഷെ ന്യൂനപക്ഷ വോട്ടുകൾക്കായി ഞങ്ങളെ തള്ളിപ്പറയുകയും ചെയ്യും- സികെ പത്മനാഭൻ കുറ്റപ്പെടുത്തി.
Discussion about this post