വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശബരിമല ചവിട്ടാന്‍ തയ്യാറെടുത്ത് സ്ത്രീകള്‍. ചെന്നൈയില്‍ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മനീതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ അറുപത് സ്ത്രീകളടങ്ങിയ സംഘമാണ് ശബരിമലയിലെത്തുക. ഈ മാസം 23ന് ശബരിമലയിലെത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മനീതി അറിയിച്ചു.
നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നൂറോളം സ്ത്രീകളും 23 ന് ശബരിമലയിലെത്തും. ശബരിമലയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന സ്ത്രീകളെ പിന്തുണച്ച് നിരവധി പേരാണ് ഫെയ്സ്ബുക്കില്‍ പ്രചാരണം നടത്തുന്നത്.
ലിംഗ സമത്വത്തില്‍ വിശ്വസിക്കുന്ന കേരള സര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് പ്രതീക്ഷയര്‍പ്പിച്ച് മനീതി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. സ്ത്രീകളുടെ സംഘം ശബരിമലയില്‍ എത്തുമ്പോള്‍ വേണ്ട മുന്‍കരുതല്‍ നടപടി എടുക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മറുപടി ലഭിച്ചുവെന്നും മനീതി അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള അറുപത് വയസില്‍ താഴെയുളള സ്ത്രീകളാണ് ശബരിമലയിലേക്കെത്തുക. തമിഴ്നാട്ടില്‍ നിന്നും 15 പേരും, കര്‍ണാടകയില്‍ നിന്ന് ആറു പേരും, ഒഡീഷയില്‍ നിന്ന് നാലുപേരും മധ്യപ്രദേശില്‍ നിന്ന് അഞ്ചുപേരും, കേരളത്തില്‍ നിന്ന് 25 പേരും സംഘത്തിലുണ്ടാകുമെന്നാണ് വിവരം. മനീതിക്ക് പുറമെ ബംഗാള്‍ ആസ്ഥാനമായുളള ആള് ഇന്ത്യ റാഡിക്കല്‍ വിമന്‍ ഓര്‍ഗനൈസേഷനും ശബരിമലയിലെ സ്ത്രീപ്രവേശന ഉദ്യമത്തില്‍ സഹകരിക്കുന്നുണ്ട്.
ശബരിമലയില്‍ നിന്ന് ബ്രാഹ്മണ്യത്തെ പടിയിറക്കുക എന്ന ആഹ്വാനവുമായി സ്ത്രീകള്‍ നടത്തുന്ന വില്ലുവണ്ടിയാത്ര നാളെ തുടങ്ങും. സ്ത്രീകള്‍ നയിക്കുന്ന വില്ലുവണ്ടിയാത്ര ഞായറാഴ്ച്ച രാവിലെ 9 മണിക്ക് എരുമേലിയിലേക്ക് തിരിക്കും. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കുക, ശബരിമലയിലെ ബ്രാഹ്മണിക്കല്‍ പുരുഷമേധാവിത്വം അവസാനിപ്പിക്കുക, വനാവാകാശം നടപ്പിലാക്കുക, ശബരിമലയുടെ അവകാശം ആദിവാസികള്‍ക്ക് തിരിച്ചുനല്‍കുക എന്നിവയാണ് വില്ലുവണ്ടിയാത്രയുടെ പ്രധാന ആവശ്യങ്ങള്‍.
Discussion about this post