രാഹുൽ ഗാന്ധിക്ക് എതിരായ പരാമർശം തള്ളി സിപിഎം; നിരുപാധികം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് ജോയ്‌സ് ജോർജ്

കട്ടപ്പന: രാഹുൽ ഗാന്ധിക്കെതിരായ ജോയ്‌സ് ജോർജിന്റെ പരാമർശം തള്ളി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും. പിന്നാലെ വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ജോയ്‌സ് ജോർജും രംഗത്തെത്തി. പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുന്നതായി ജോയ്‌സ് ജോർജ് പറഞ്ഞു.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട് പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പരിപാടിയിൽ ആയിരുന്നു ജോയ്‌സിന്റെ ഖേദപ്രകടനം. ”ഇന്നലെ ഇരട്ടയാറിൽ നടന്ന തിരഞ്ഞെടുപ്പ് യോഗവുമായി ബന്ധപ്പെട്ട സംസാരിക്കുമ്പോൾ നടത്തിയ അനുചിതമായ ചില പരാമർശങ്ങൾ ഞാൻ നിരുപാധികമായി പിൻവലിക്കുകയാണ്. ആ പരാമർശത്തലുള്ള ഖേദം പരസ്യമായി അറിയിക്കുകയാണ്” ജോയ്‌സ് ജോർജ് പറഞ്ഞു.

നേരത്തെ തന്നെ രാഹുൽ ഗാന്ധിക്കെതിരെ ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ് നടത്തിയ വിവാദ പരാമർശത്തെ തള്ളി സിപിഎം രംഗത്തെത്തിയിരുന്നു. ജോയ്‌സ് ജോർജ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശങ്ങളോട് യോജിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ നിലപാടുകളെയാണ് സിപിഎം എതിർക്കുന്നത്. അത്തരം രാഷ്ട്രീയ വിമർശനങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ മാത്രമേ വ്യക്തിപരമായ ഇത്തരം പരാമർശങ്ങൾ സഹായിക്കുകയുള്ളൂ. ഇത്തരത്തിലുള്ള പരാമർശങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ജോയ്‌സ് ജോർജിന്റെ പരാമർശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

Exit mobile version