വൈപ്പിന്‍: പള്ളിപ്പുറത്ത് പ്രോട്ടോകോള്‍ ലംഘിച്ച് നടത്തിയ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 81 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിനെയോ പോലീസിനെയോ അറിയിക്കാതെയായിരുന്നു വിവാഹം നടത്തിയത്. പള്ളിപ്പുറം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ വീട്ടില്‍ 20, 21 തീയതികളിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ പങ്കെടുത്ത തൃശൂര്‍ ഇടമുട്ടം സ്വദേശിയായ ബന്ധുവിന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചടങ്ങില്‍ പങ്കെടുത്ത 87 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തുകയായിരുന്നു. ഇതില്‍ 81 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. അതിവേഗ വ്യാപനമായതോടെ ബ്രിട്ടനില്‍ കണ്ടെത്തിയപോലുള്ള വകഭേദം സംഭവിച്ച വൈറസ് ആണോയെന്ന ആശങ്ക ആരോഗ്യ വകുപ്പിന് ഉണ്ട്. സാമ്പിള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പള്ളിപ്പുറം ഒന്ന്, ആറ്, 21,22, വാര്‍ഡുകളില്‍ മാത്രമായി 60 പേര്‍ക്ക് രോഗമുണ്ട്. ബാക്കിയുള്ളവര്‍ രണ്ട് മുതല്‍ എട്ടുവരെയുള്ള വാര്‍ഡുകളില്‍ പെട്ടവരാണ്. ഒന്ന്,21,22 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ് അതിവേഗത്തില്‍ വ്യാപിച്ച സാഹചര്യത്തില്‍ പഞ്ചായത്തില്‍ പരിശോധന വരും ദിവസങ്ങളില്‍ തുടരുമെന്നാണ് വിവരം.